കൊച്ചി: ഹോട്ടൽ മാലിന്യം ഓടകളിൽ തള്ളുന്നതാണ് കൊച്ചിയിലെ വെള്ളക്കെട്ടിന് പിന്നിലെ പ്രധാന കാരണങ്ങളിലൊന്നെന്ന് കൊച്ചി മേയർ. നഗരത്തിലെ ഓടകളുടെ സ്ലാബ് തുറന്ന് പരിശോധിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. പ്രശ്ന പരിഹാരത്തിനായി കോർപ്പറേഷൻ വ്യാപാരികളുടെ യോഗം വിളിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് വെറും രണ്ട് മണിക്കൂർ പെയ്ത മഴ കൊണ്ട് കൊച്ചി നഗരം വെള്ളക്കെട്ടിലായത്. വെള്ളം ഒഴിയാൻ ഒരു പകൽ മുഴുവൻ വേണ്ടി വന്നു. കോർപ്പറേഷൻ ആദ്യം മേഘവിസ്ഫോടനത്തിനെ പഴിച്ചെങ്കിലും നഗരത്തിലെ ഓടകളുടെ സ്ലാബ് തുറന്ന് പരിശോധിച്ചപ്പോഴാണ് വെള്ളക്കെട്ടിന് പിന്നലെ കാരണങ്ങളിലൊന്ന് പിടികിട്ടിയത്.
പലയിടത്തും മാലിന്യം അടിഞ്ഞ് ഓടകളിൽ വെള്ളമൊഴുക്ക് നിലച്ച നിലയിലാണ്. ഒരു ഹോട്ടലിന് മുന്നിലെ കാനയിൽ ഭക്ഷണ മാലിന്യം കട്ടപിടിച്ച് ഉറച്ചിക്കുന്നു. പ്ലാസ്റ്റിക് മാലിന്യങ്ങളും ഓടകളിലെ വെള്ളമൊഴുക്ക് തടസ്സപ്പെടുത്തുന്നുണ്ടെന്നും മേയർ എം.അനിൽ കുമാർ സാമൂഹ മാധ്യമങ്ങളിലൂടെ വിശദീകരിച്ചു.
ഇത് സംബന്ധിച്ച് മേയറുടെ ഫേസ്ബുക്ക് പോസ്റ്റ്
കഴിഞ്ഞ ദിവസം ഉണ്ടായ വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് വേണ്ടിയുള്ള നടപടികൾ തുടരുകയാണ്. ഇന്നലെ അർദ്ധരാത്രി മുതൽ എം.ജി റോഡിലെ കാനയിൽ ഇടവിട്ട സ്ഥലങ്ങളിൽ സ്ലാബുകൾ തുറന്നു പരിശോധിക്കാൻ ആരംഭിച്ചു. ഓണക്കാലമായതിനാൽ പകൽ സ്ലാബുകൾ തുറക്കുന്നത് കച്ചവടക്കാർക്കും പൊതുജനങ്ങൾക്കും ബുദ്ധിമുട്ടാവും എന്നതിനാലാണ് രാത്രിയിൽ പരിശോധിക്കുന്നത്.
പൊതുജനങ്ങളുടെ പ്രധാന പരാതി അതി തീവ്ര മഴയാണ് ഉണ്ടായതെങ്കിലും കാനയിലും തോടിലും വെള്ളം ഒഴുകുന്നില്ല എന്നാണ്. ഇതിന് കാരണമായി അവർ പറയുന്നത് നഗരസഭയുടെ മഴക്കാല പൂർവ്വ ശുചീകരണം ഫലപ്രദമല്ല എന്നതാണ്. ഇതെല്ലാം പരിശോധിക്കുവാൻ ഉള്ള ബാധ്യത നഗരസഭയ്ക്ക് ഉണ്ട് .എം .ജി റോഡ് കാനയിൽ നിന്നും കൂടുതൽ മഴ പെയ്യുമ്പോൾ വെള്ളം ഒഴുകി പോകാൻ പ്രയാസമുണ്ട്. എസ്റ്റീം എന്ന ഏജൻസി വെള്ളക്കെട്ടിനെ കുറിച്ച് നടത്തിയ പഠനത്തിൽ ഇക്കാര്യം പ്രത്യേകം എടുത്തു പറഞ്ഞിരുന്നു. ഉള്ള കാനയിൽ തന്നെ വെള്ളം ഒഴുകുന്നില്ലെങ്കിൽ പ്രശ്നം കൂടുതൽ ഗുരുതരമാകും.
കാനകൾ തുറന്നു പരിശോധിച്ചപ്പോൾ കണ്ട കാഴ്ച ദയനീയമാണ്. ഇതിനുമുമ്പ് ഒരു ഹോട്ടലിന്റെ മുമ്പിൽ ഉണ്ടായതുപോലെ അതേ കാഴ്ചകൾ ഇപ്പോഴും ആവർത്തിക്കുകയാണ്. പരിശോധനയിൽ ഒരു ഹോട്ടലിന്റെ മുമ്പിൽ ഉള്ള കാനയിൽ ഏതാണ്ട് പത്തിരുപത് മീറ്റർ നീളത്തിൽ പാരകൊണ്ട് കുത്തിയാൽ പോലും ഇളകാത്ത രീതിയിൽ ഭക്ഷണ മാലിന്യം കട്ടിപിടിച്ചു കിടക്കുകയാണ്. വെള്ളം ഒരു കാരണവശാലും ഇത്തരം ഒരു കാനയിലൂടെ ഒഴുകില്ല. ഹോട്ടൽ മാലിന്യം നേരിട്ട് കാനയിലേക്ക് കൊടുക്കുന്നതിന്റെ ഭവിഷ്യത്ത് എല്ലാവരും മനസ്സിലാക്കണം. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യം കാനയിലേക്കും തോട്ടിലേക്കും വലിച്ചെറിയുന്ന ശീലത്തിൽ നിന്ന് നമ്മൾ പിൻവാങ്ങിയെ പറ്റൂ.
ബാനർജി റോഡിലും ,എംജി റോഡിലും സിഎസ്എംഎലും , കൊച്ചി മെട്രോ റെയിലും കാനയും ഫുട്പാത്തും നിർമ്മിച്ചിട്ടുണ്ട്. എന്നാൽ ഈ കാനകളിലേക്ക് വെള്ളം ഒഴുകാനായി വച്ചിട്ടുള്ള ഓവുകൾ ഒട്ടും ഫലപ്രദമല്ല. എം.ജി റോഡിൽ പരിശോധനയിൽ ട്രാപ്പുകൾ എല്ലാം മൂടിയ നിലയിലാണ്. അതിലൂടെ ഒഴുകിപ്പോകാൻ കഴിയുന്ന വെള്ളത്തിന്റെ അളവ് വളരെ പരിമിതവുമാണ്. കെഎംആർഎൽ, സിഎസ്എംഎൽ കൊച്ചി നഗരസഭ ഇറിഗേഷൻ വകുപ്പിലെ എൻജിനീയർമാരുമായി കൂടിയാലോചിച്ച് ഇക്കാര്യത്തിൽ ഫലപ്രദമായ നടപടി സ്വീകരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. എം.ജി റോഡിലെ കാന ഫലപ്രദമായി വൃത്തിയാക്കേണ്ടതുമുണ്ട്.
പൊതുജന പങ്കാളിത്തം പ്രധാനമായതുകൊണ്ട് തിങ്കളാഴ്ച കച്ചവടക്കാരുടെ യോഗവും ചേരുന്നുണ്ട്. നമ്മൾ ഒറ്റക്കെട്ടായി ഒരു മനസ്സോടെ ഇറങ്ങി നിന്ന് പ്രവർത്തിക്കാൻ തീരുമാനിക്കുകയാണ്. പൊതുജന പങ്കാളിത്തത്തോടെ ശക്തമായ നടപടിയും നഗരസഭ സ്വീകരിക്കും. ഇക്കാര്യങ്ങളിൽ എല്ലാം ഏവരുടെയും പിന്തുണ ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു.