ഒരു പട്ടിക്കുട്ടിയെ വളർത്തുക എന്നാൽ ചെറിയ അധ്വാനമൊന്നുമല്ല. അതിന്റെ കാര്യങ്ങളെല്ലാം നോക്കുക കൂടി ചെയ്യണം. ഒപ്പം തന്നെ അതിന് വരുന്ന സാമ്പത്തിക ചെലവുകളും നോക്കണം. ചിലപ്പോൾ അപ്രതീക്ഷിതമായ ചില ചിലവുകളും വരും. ചികിത്സയ്ക്ക് വേണ്ടി ചിലപ്പോൾ നാം പ്രതീക്ഷിക്കാത്ത തുക തന്നെ ചെലവാക്കേണ്ടിയും വന്നേക്കാം.
ഏതായാലും ഇവിടെ ഒരു മനുഷ്യനും അങ്ങനെ ഒരു ചെലവാണ് വന്നിരിക്കുന്നത്. നായയുടെ പല്ല് ക്ലീൻ ചെയ്യാൻ ഉടമ ചെലവഴിച്ചത് നാല് ലക്ഷം രൂപയാണ്. ഒരു റെഡ്ഡിറ്റ് യൂസറാണ് തന്റെ ഈ അനുഭവം പങ്ക് വച്ചിരിക്കുന്നത്. ആദ്യം പട്ടിക്ക് സെഡേഷൻ നൽകി. എന്നാൽ, പിന്നീട് അത് ശരിയാവാത്തതിനാൽ പലവിധ ടെസ്റ്റുകളിലൂടെ കടന്ന് പോകേണ്ടി വന്നു. ഈ ചികിത്സ താങ്ങാനും മാത്രം ആരോഗ്യം അവനുണ്ടോ എന്ന് അറിയുന്നതിന് വേണ്ടിയുള്ള വിവിധ പരിശോധനകളായിരുന്നു പിന്നീട്.
അമേരിക്കയിലെ മിഡ്‌വെസ്റ്റ് മേഖലയിൽ താമസിക്കുന്ന ഇയാൾ, പരിശോധനകളിൽ ഹൃദയ പരിശോധനയും രക്തപരിശോധനയും ഉൾപ്പെടുന്നുവെന്ന് പറയുന്നു. പിന്നീട്, ഡോക്ടർ അയാളോട് എല്ലാം ഓക്കേ ആണ് എന്ന് പറയുകയും അതിനായി അടുത്തുള്ള ഒരു വിദഗ്ദ്ധനെ സമീപിക്കാൻ നിർദ്ദേശിക്കുകയും ചെയ്തു.
“ഈ സമയമായപ്പോഴേക്കും, അവന്റെ നിരവധി പല്ലുകൾ പിഴുതുമാറ്റണമെന്നും ഒരു വളർച്ച ഉള്ളത് നീക്കം ചെയ്യുകയും ക്യാൻസറല്ലെന്ന് ഉറപ്പാക്കാൻ ബയോപ്‌സിക്ക് അയയ്‌ക്കണമെന്ന് തീരുമാനിക്കുകയും ചെയ്തു. എന്റെ മാതാപിതാക്കൾ ഒരിക്കലും ഞങ്ങളുടെ നായ്ക്കളെ വെറ്റിന്റെ അടുത്തേക്ക് കൊണ്ടുപോയിരുന്നില്ല. കാരണം അവർക്ക് അത്രയും പണമില്ലായിരുന്നു.” എന്നാൽ, താനും ഭാര്യയും അത് ചെയ്യാൻ തീരുമാനിച്ചു എന്നും ഇയാൾ പറയുന്നുണ്ട്.
ഏതായാലും നിരവധിപ്പേർ പോസ്റ്റിന് കമന്റുകളുമായി എത്തി. നായയ്ക്കുള്ള ചികിത്സയ്ക്ക് നല്ല പണച്ചെലവാണ് എന്ന് പലരും തങ്ങളുടെ അനുഭവത്തോടൊപ്പം വെളിപ്പെടുത്തി.