പ്രസവത്തിലോ ജനിച്ചയുടനെയോ കുഞ്ഞ് മരിച്ചാല്‍ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരികള്‍ക്ക് 60 ദിവസത്തെ പ്രത്യേക പ്രസവാവധി അനുവദിക്കാന്‍ പഴ്‌സണല്‍ ആന്‍ഡ് ട്രെയിനിങ് വകുപ്പ് തീരുമാനിച്ചു. കുഞ്ഞിന്റെ മരണം അമ്മയിലുണ്ടാക്കാന്‍ സാധ്യതയുള്ള വൈകാരികാഘാതം പരിഗണിച്ച് ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയവുമായി കൂടിയാലോചിച്ചാണ് ഈ തീരുമാനം.
കുഞ്ഞ് ജനന സമയത്ത് തന്നെ മരണപ്പെടുകയോ 28 ആഴ്ചകള്‍ക്കുള്ളില്‍ മരണപ്പെടുകയോ ചെയ്യുമ്പോഴാണ് അമ്മയ്ക്ക് 60 ദിവസം അവധി ലഭിക്കുക. കുഞ്ഞ് മരണപ്പെടുന്ന തീയതി മുതലാണ് 60 ദിവസത്തെ അവധി ബാധകമാകുന്നത്. രണ്ടില്‍ താഴെ കുട്ടികളുള്ള വനിതാ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരിക്കും അംഗീകൃത ആശുപത്രിയില്‍ പ്രസവിക്കുന്നവര്‍ക്കും മാത്രമേ പ്രത്യേക പ്രസവാവധിയുടെ ആനുകൂല്യം അനുവദിക്കൂ.
പ്രസവം സര്‍ക്കാര്‍ ആശുപത്രിയിലോ കേന്ദ്രസര്‍ക്കാരിന്റെ ആരോഗ്യ പദ്ധതിക്കുകീഴില്‍ എംപാനല്‍ചെയ്ത സ്വകാര്യ ആശുപത്രിയിലോ ആകണമെന്നും വ്യവസ്ഥയുണ്ട്. അടിയന്തര സാഹചര്യത്തില്‍ എംപാനല്‍ ചെയ്യാത്ത സ്വകാര്യ ആശുപത്രിയിലാണ് പ്രസവമെങ്കില്‍, അതുതെളിയിക്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കണമെന്നും നിര്‍ദേശത്തിലുണ്ട്.