റിയാദ്: സൗദി അറേബ്യയിലെ ജിസാനില്‍ കഴിഞ്ഞ മാസം വ്യാപാര സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനകളില്‍ നിയമ ലംഘനങ്ങള്‍ കണ്ടെത്തിയ 120 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി. സ്വാംതയിലെ വ്യാപാര കേന്ദ്രങ്ങളിലാണ് നഗരസഭാ അധികൃതര്‍ പരിശോധന നടത്തിയത്. ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങളും നഗരസഭയുടെ നിബന്ധനകളും വ്യാപാര സ്ഥാപനങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ലക്ഷ്യമിട്ടായിരുന്നു സ്വാംത ബലദിയുടെ പരിശോധനകള്‍.കഴിഞ്ഞ ഒരു മാസത്തിനിടെ 1340 ഫീല്‍ഡ് പരിശോധനകള്‍ നടത്തിയതായി മുനിസിപ്പാലിറ്റി അധികൃതര്‍ അറിയിച്ചു.
ഭക്ഷ്യ വസ്‍തുക്കള്‍ വില്‍ക്കുന്ന വ്യാപാര സ്ഥാപനങ്ങളിലും റസ്റ്റോറന്റുകളിലും മൊബൈല്‍ റസ്റ്റോറന്റുകളിലും മുനിസിപ്പാലിറ്റിയിലെ ഇതര സ്ഥാപനങ്ങളിലുമെല്ലാം ഉദ്യോഗസ്ഥരെത്തി പരിശോധിച്ചു. ഉപയോഗ യോഗ്യമല്ലാതിരുന്ന 330 കിലോഗ്രാം ഭക്ഷ്യ വസ്‍തുക്കള്‍ റെയ്‍ഡിനിടെ കണ്ടെത്തി നശിപ്പിച്ചതായി സ്വാംത മുനിസിപ്പാലിറ്റി മേധാവി എഞ്ചിനീയര്‍ അഹ്‍മദ് ഹികമി പറഞ്ഞു.
പരിശോധനയില്‍ ഗുരുതരമായ നിയമ ലംഘനങ്ങള്‍ കണ്ടെത്തിയ 11 സ്ഥാപനങ്ങള്‍ അടച്ചു പൂട്ടി. ഗുരുതരമല്ലാത്ത മറ്റ് നിയമ ലംഘനങ്ങള്‍ കണ്ടെത്തിയ 120 സ്ഥാപനങ്ങള്‍ക്കാണ് പിഴ ചുമത്തിയത്. പൊതുജനാരോഗ്യ സുരക്ഷ കണക്കിലെടുത്ത് വരും ദിവസങ്ങളിലും വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന തുടരുമെന്ന് അദ്ദേഹം അറിയിച്ചു.വ്യാപാര സ്ഥാപനങ്ങളിലെ നിയമലംഘനങ്ങള്‍ കണ്ടെത്തുന്ന പൊതുജനങ്ങള്‍ 940 എന്ന നമ്പറില്‍ വിളിച്ച് അവ ഏകീകൃത കംപ്ലെയിന്റ്സ് സെന്ററില്‍ അറിയിക്കുകയോ അല്ലെങ്കില്‍ സാമൂഹിക മാധ്യമങ്ങളിലെ നഗരസഭയുടെ അക്കൌണ്ടുകള്‍ വഴി അറിയിക്കുയോ ചെയ്യണമെന്ന് ബലദിയ മേധാവി അഭ്യര്‍ത്ഥിച്ചു.