ഇടുക്കി: ഓണക്കാലത്ത് മായം കലർന്ന സാധനങ്ങൾ വിൽക്കുന്നുണ്ടോയെന്ന് കണ്ടെത്താൻ പരിശോധനക്കെത്തിയ ഭക്ഷ്യ സുരക്ഷ വിഭാഗം ഉദ്യോഗസ്ഥരെ വ്യാപരികൾ തടഞ്ഞു. ഇടുക്കിയിലെ കമുളിയിലാണ് സംഭവം. വ്യാപാരി വ്യവസായി ഏകോപന സമിതി കുമളി യൂണിറ്റ് പ്രസിഡൻറിൻറെ നേതൃത്വത്തിലാണ് ഉദ്യഗസ്ഥ സംഘത്തെ തടഞ്ഞത്.
ഓണക്കാലത്ത് അതിർത്തി കടന്ന് സംസ്ഥാനത്തേക്കെത്തുന്നതും കടകളിൽ വിൽപ്പനക്ക് വച്ചിരിക്കുന്നതുമായ സാധനങ്ങളിൽ മായം കലർന്നിട്ടുണ്ടോയെന്ന് കണ്ടെത്താൻ പ്രത്യേക സംഘത്തെ ഭക്ഷ്യ സുരക്ഷ വകുപ്പ് കുമളിയിൽ നിയോഗിച്ചിരുന്നു. പ്രാഥമിക പരിശോധനക്കായി മൊബൈൽ ലാബും ക്രമീകരിച്ചിട്ടുണ്ട്. പീരുമേട് താലൂക്കിലെ കടകളിൽ നിന്നും ഭക്ഷ്യ സാധനങ്ങൾ ശേഖരിച്ച് പരിശോധനയും നടത്തുന്നുണ്ട്.
ഇത്തരത്തിൽ കുമളി തേക്കടിക്കവലക്ക് സമീപം പ്രവർത്തിക്കുന്ന ഒരു സ്ഥാപനത്തിൽ നിന്നും കായ വറുത്തതിൻറെയും വറുക്കാൻ ഉപയോഗിച്ച് എണ്ണയുടെയും സാമ്പിൾ ഉദ്യോഗസ്ഥ സംഘം ശേഖരിച്ചു. ഇതോടെയാണ് വ്യാപാരികൾ സംഘടിച്ചെത്തി വനിത ഉദ്യോഗസ്ഥയടക്കമുള്ള സംഘത്തെ തടഞ്ഞത്. പ്രതിഷേധത്തെ തുടർന്ന് ഉദ്യോഗസ്ഥർ പരിശോധന അവസാനിപ്പിച്ചു. വ്യാപാരികൾ സാമ്പിൾ തിരികെ വാങ്ങുകയും ചെയ്തു.
കുമളി ടൗണിലെ ചില സ്ഥാപനങ്ങളിൽ വിൽക്കുന്ന കായ വറുത്തതിൽ മായം കലർത്തുന്നതായി ഭക്ഷ്യ സുരക്ഷ വിഭാഗത്തിന് പരാതി ലഭിച്ചിരുന്നു. പരിശോധന സംഘത്തിലുണ്ടായിരുന്നവർ സംഭവം സംബന്ധിച്ച് ഉന്നത ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്. കമ്മീഷണറുടെ നിർദ്ദേശ പ്രകാരം തുടർ നടപടി സ്വീകരിക്കാനാണ് ഭക്ഷ്യ സുരക്ഷ വിഭാഗത്തിൻറെ തീരുമാനം.