തിരുവനന്തപുരം : കെ എസ് ആർ ടി സിയിലെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ മുഖ്യമന്ത്രി ഇന്ന് തൊഴിലാളി നേതാക്കളുമായും മാനേജ്മെന്റ് പ്രതിനിധികളുമായും ചർച്ച നടത്തും. ശന്പളത്തിന് പകരം കൂപ്പൺ നൽകാനുള്ള നീക്കത്തിലെ എതിർപ്പ് സംഘടനാ നേതാക്കൾ മുഖ്യമന്ത്രിയെ അറിയിക്കും.
കെഎസ്ആർടിസിയെ പുനരുദ്ധരിക്കാൻ ഉപാധികളോടെ പന്ത്രണ്ട് മണിക്കൂർ സിംഗിൾ ഡ്യൂട്ടിക്ക് തയ്യാറാവണമെന്ന് മുഖ്യമന്ത്രി യോഗത്തിൽ ആവശ്യപ്പെടും. എന്നാൽ ഏട്ട് മണിക്കൂറിൽ കൂടുതൽ ജോലി അടിച്ചേൽപ്പിക്കാനുള്ള നീക്കം അംഗീകരിക്കില്ലെന്നാണ് സി ഐ ടി യു ഒഴികെയുള്ളവരുടെ ഉറച്ച നിലപാട്. ആവശ്യമെങ്കിൽ പണിമുടക്ക് അടക്കമുള്ള കാര്യങ്ങളിലേക്ക് നീങ്ങാനും ആലോചന ഉണ്ട് .
അതോടൊപ്പം ഇന്ന് മുതൽ കെ എസ് ആർ ടി സി യിൽ മുടങ്ങിക്കിടക്കുന്ന ശന്പള വിതരണവും തുടങ്ങാനുള്ള ശ്രമത്തിലാണ് മാനേജ്മെന്റ്. രണ്ട് മാസത്തെ ശന്പളത്തിന്റെ മൂന്നിലൊന്നാണ് ഓണത്തിന് മുന്പ് നൽകുന്നത്. കൂടുതൽ തുക ഓവർ ഡ്രാഫ്റ്റ് എടുത്ത് ചെറിയ ഒരു തുക ഉത്സവ ബത്ത നൽകാനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട് . ഹൈക്കോടതി നിർദേശപ്രകാരം ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ കുടിശ്ശികയായ ശമ്പളത്തിന്റെ മൂന്നിലൊന്നാണ് വിതരണം ചെയ്യുന്നത്. ശമ്പള വിതരണത്തിനായി 50 കോടി രൂപ കഴിഞ്ഞ ദിവസം സർക്കാർ കെ എസ് ആർ ടി സിക്ക് കൈമാറിയിരുന്നു. ശമ്പള വിതരണം വേഗം പൂർത്തിയാക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു.