കൊച്ചി: ഓണക്കാലത്ത് അളവിൽ തട്ടിപ്പു നടത്തി കൊള്ളലാഭം കൊയ്യുന്ന സ്ഥാപനങ്ങൾക്കു തടയിട്ട് ലീഗൽ മെട്രോളജി വകുപ്പിന്റെ മിന്നൽ പരിശോധന. എറണാകുളം ജില്ലയിൽ 63 സ്ഥാപനങ്ങൾക്കെതിരെയാണ് നടപടി എടുത്തത്. അളവ് തൂക്ക ഉപകരണങ്ങൾ മുദ്ര വയ്‌ക്കാത്ത 54 സ്ഥാപനങ്ങൾക്കെതിരെ നടപടി എടുത്തപ്പോൾ തൂക്കത്തിൽ തട്ടിപ്പു കാണിച്ച മൂന്നു സ്ഥാപനങ്ങൾക്കാണ് പിഴയിട്ടത്. ആകെ പിഴയിനത്തിൽ 1.85 ലക്ഷം രൂപ ഈടാക്കി.
പാക്കറ്റുകൾക്കു പുറത്തു രേഖപ്പെടുത്തേണ്ട എംആർപി, നിർമാതാവിന്റെ വിലാസം, നിർമാണ തീയതി എന്നിവ രേഖപ്പെടുത്താതെ വിൽപന നടത്തിയ മൂന്ന് സ്ഥാപനങ്ങൾക്കെതിരെയും പിഴ ചുമത്തി. പാക്കിങ് റജിസ്ട്രേഷൻ ഇല്ലാത്ത പാക്കറ്റ് സാധനങ്ങൾ വിൽപന നടത്തുകയും അമിത വില ഈടാക്കി പാക്കറ്റ് വിൽക്കുകയും ചെയ്ത രണ്ട് സ്ഥാപനങ്ങൾക്കെതിരെയും കേസ് എടുത്തു. തിരുവോണം വരെ നിലവിൽ നടക്കുന്ന പരിശോധന തുടരാനാണ് തീരുമാനമെന്ന് ലീഗൽ മെട്രോളജി ഡപ്യൂട്ടി കൺട്രോളർ ബി.ഐ.സൈലസ് പറഞ്ഞു.