തിരുവനന്തപുരം: സംസ്ഥാനത്ത് മന്ത്രിമാരുടെ വകുപ്പുകളിൽ മാറ്റമില്ല. മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത എം ബി രാജേഷിന് തദ്ദേശ സ്വയം ഭരണവും എക്‌സൈസും തന്നെയായിരിക്കും. മറ്റ് മന്ത്രിമാരുടെ വകുപ്പുകളിലും മാറ്റമില്ല.
സ്പീക്കര്‍ പദവി രാജി വെച്ച എം ബി രാജേഷ് ഇന്ന് രാവിലെയാണ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. പതിനൊന്ന് മണിക്ക് രാജ്ഭവനിൽ വച്ചായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്. സഗൗരവമായിരുന്നു എം ബി രാജേഷിന്‍റെ സത്യപ്രപതിജ്ഞ. സിപിഎം സംസ്ഥാന സെക്രട്ടറിയായി തെരെഞ്ഞെടുത്ത എം വി ഗോവിന്ദൻ രാജിവെച്ച ഒഴിവിലാണ് നിയമസഭാ സ്പീക്കറായിരുന്ന രാജേഷിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയത്. മന്ത്രിമാരുടെ വകുപ്പുകളിൽ ചില മാറ്റങ്ങളുണ്ടാകുമെന്നാണ് രാവിലെ പുറത്ത് വന്ന സൂചനകള്‍. എക്സൈസ് വാസവന് നൽകിയ സാംസ്ക്കാരിക രാജേഷിനെന്നായിരുന്നു സൂചന. പക്ഷെ വകുപ്പുകള്‍ മാറ്റമിലെന്ന് ഉച്ചയോടെ ഔദ്യോഗികമായ അറിയിപ്പെത്തുകയായിരുന്നു.
രണ്ട് തവണ എം പിയായ രാജേഷ് ആദ്യമായാണ് ഇക്കുറി നിയമസഭയിലെത്തിയത്. വി ടി ബല്‍റാം തുടര്‍ച്ചയായി രണ്ട് തവണ ജയിച്ച തൃത്താല മണ്ഡലത്തില്‍ അദ്ദേഹത്തെ തോല്‍പ്പിച്ചാണ് ഇക്കുറി എം ബി രാജേഷ് സഭയിലെത്തിയത്. കേരള രാഷ്ട്രീയം ഉറ്റുനോക്കിയ മണ്ഡലമായിരുന്നു തൃത്താല. പാലക്കാട് ലോക്സഭാ മണ്ഡലത്തില്‍ എം ബി രാജേഷിന്‍റെ തോല്‍വിയും അപ്രതീക്ഷിതമായിരുന്നു. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായും ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ്, അഖിലേന്ത്യാ പ്രസിഡന്‍റ് എന്നീ നിലകളിലും എം ബി രാജേഷ് പ്രവര്‍ത്തിച്ചു. 2009 ലും 2014 ലും പാലക്കാട് ലോക്സഭാ മണ്ഡലത്തിലെ എം പി. നിലവില്‍ സിപിഎം സംസ്ഥാന സമിതി അംഗമാണ് രാജേഷ്.
എം ബി രാജേഷിന് പകരം സ്പീക്കറായി തെരഞ്ഞെടുത്ത ഷംസീറിൻ്റെ സത്യപ്രതിജ്ഞയ്ക്കായി സെപ്തംബര്‍ 12-ന് പ്രത്യേക നിയമസഭാ സമ്മേളനം ചേരും. എം ബി രാജേഷ് രാജിവച്ചതോടെ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറാണ് നിലവിൽ സഭാനാഥൻ്റെ ഉത്തരവാദിത്വം നിര്‍വഹിക്കുക.