മുംബൈ: കാലിഫോർണിയ ആസ്ഥാനമായുള്ള സോളാർ എനർജി മാനേജ്‌മെന്റ് സോഫ്റ്റ്‌വെയർ ഡെവലപ്പറായ സെൻസ്‌ഹോക്ക് ഇങ്കിന്റെ79.4 ശതമാനം ഓഹരികൾ വാങ്ങാൻ ഒരുങ്ങി റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്. 32 മില്യൺ ഡോളർ, അതായത് (255 കോടി രൂപയ്ക്കാണ് റിലയൻസ് സെൻസ് ഹോക്കിനെ വാങ്ങുന്നത്. രണ്ടുഘട്ടമായി, പ്രൈമറി, സെക്കണ്ടറി പർച്ചേസുകൾ വഴിയാണ് ഏറ്റെടുക്കൽ. ഇതിനുള്ള കരാറുകളിൽ ഏർപ്പെട്ടതായി റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് (ആർഐഎൽ) അറിയിച്ചു. സെപ്‌റ്റംബർ 5-ന് റെഗുലേറ്ററി ഫയലിംഗിൽ, 2022 അവസാനിക്കുന്നതിന് മുമ്പ് ഇടപാട് പൂർത്തിയാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി റിലയൻസ് ഇൻഡസ്ട്രീസ് പറഞ്ഞു
സെൻസ്‌ഹോക്കിലെ നിക്ഷേപം പുതിയ ഊർജത്തിലേക്കുള്ള കൂട്ടായ്മയുടെ ചുവടുവെപ്പിന്റെ ഭാഗമാണ് എന്നും ഉപഭോക്താക്കൾക്ക് മികച്ച അനുഭവം ഇതിലൂടെ സമ്മാനിക്കാൻ കഴിയുമെന്നും ആർഐഎൽ വ്യക്തമാക്കി.
2018-ൽ സ്ഥാപിതമായ സെൻസ്‌ഹോക്ക്, കാലിഫോർണിയ ആസ്ഥാനമായുള്ള സൗരോർജ്ജ ഉൽപ്പാദന വ്യവസായത്തിനായുള്ള സോഫ്റ്റ്‌വെയർ അധിഷ്ഠിത മാനേജ്‌മെന്റ് ടൂളുകളുടെ പ്രാരംഭ ഘട്ട ഡെവലപ്പറാണ് .പ്രക്രിയകൾ കാര്യക്ഷമമാക്കാനും ഓട്ടോമേഷൻ ഉപയോഗിക്കാനും കമ്പനികളെ സഹായിക്കുന്നതിലൂടെ സോളാർ പ്രോജക്റ്റുകൾ ആസൂത്രണം മുതൽ ഉൽപ്പാദനം വരെ ത്വരിതപ്പെടുത്താൻ സെൻസ്ഹോക്ക് സഹായിക്കുന്നു.2022 സാമ്പത്തിക വർഷത്തിലും 2021 സാമ്പത്തിക വർഷത്തിലും 2020 സാമ്പത്തിക വർഷത്തിലും സെൻസ്ഹോക്കിന്റെ വിറ്റുവരവ് യഥാക്രമം 2,326,369 ഡോളർ , 1,165,926 ഡോളർ, 1,292,063 ഡോളർ എന്നിങ്ങനെയാണ്,
പെട്രോകെമിക്കൽസ്, ഓയിൽ ആൻഡ് ഗ്യാസ്, ടെലികോം, റീട്ടെയിൽ എന്നിവയിൽ മുന്നേറുന്ന റിലയൻസ് ഇൻഡസ്ട്രീസിന്റെ ഏകദേശം 60% വരുമാനവും എണ്ണ ശുദ്ധീകരണത്തിൽ നിന്നും പെട്രോകെമിക്കൽസിൽ നിന്നുമാണ് വരുന്നത്, എന്നിരുന്നാലും, റീട്ടെയിൽ, ടെലികമ്മ്യൂണിക്കേഷൻ, സാങ്കേതികവിദ്യ എന്നിവയിൽ കൂടുതൽ മുന്നേറ്റം നടത്താനും കമ്പനി ലക്ഷ്യമിടുന്നുണ്ട്.
റിലയൻസിനെ ഗ്രീൻ എനർജിയിലേക്ക് നയിക്കുകയാണ് ചെയർമാനായ മുകേഷ് അംബാനി. അടുത്ത 10-15 വർഷത്തിനുള്ളിൽ കമ്പനി 80 ബില്യൺ ഡോളർ പുനരുപയോഗ ഊർജത്തിനായി നിക്ഷേപിക്കുകയും റിഫൈനറിക്ക് അടുത്തായി ഒരു പുതിയ ഫാക്ടറി നിർമ്മിക്കുകയും ചെയ്യും.