കോവളം : പുതുവർഷത്തലേന്ന് മദ്യവുമായി പോയ വിദേശിയെ തടഞ്ഞുനിർത്തി പരിശോധിച്ച് അവഹേളിച്ചെന്ന ആക്ഷേപത്തിൽ പോലീസിനെതിരെ ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ്. പോലീസിന്റെ നടപടി ദൗർഭാഗ്യകരമാണ്. ഇത് സർക്കാരിന്റെ നയമല്ല. ടൂറിസം രംഗത്തിന് വൻ തിരിച്ചടിയാകും പോലീസിന്റെ ഇത്തരത്തിലുള്ള സമീപനമെന്നും മന്ത്രി റിയാസ് പറഞ്ഞു.സർക്കാരിന്റെ ഒപ്പം നിന്ന് അള്ള് വെയ്ക്കുന്ന നടപടി അനുവദിക്കില്ല. സംഭവത്തിൽ ആഭ്യന്തര വകുപ്പിന് നടപടി എടുക്കട്ടെ എന്നും റിയാസ് പറഞ്ഞു. കോവളത്തെ സ്വകാര്യ ഹോട്ടലിൽ നാലു വർഷമായി താമസിക്കുന്ന സ്വീഡൻ സ്വദേശി സ്റ്റീഫൻ ആസ്ബെർഗിനെ(68)യാണ് വാഹനപരിശോധനയ്ക്കിടെ കോവളം പോലീസ് അവഹേളിച്ചെന്ന് ആക്ഷേപമുണ്ടായത്. പരിശോധനയ്ക്കിടെ ഇയാൾ കൈവശമുണ്ടായിരുന്ന മൂന്നു മദ്യക്കുപ്പികളിൽ രണ്ടെണ്ണത്തിലെ മദ്യം ഒഴുക്കിക്കളഞ്ഞിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് കോവളം ബീച്ചിലേക്കു പോകുന്ന സൂയിസൈഡ് പോയിന്റിനടുത്തായിരുന്നു സംഭവം.
പോലീസിനെതിരെ നടപടിയെടുക്കേണ്ടത് മറ്റൊരു വകുപ്പാണ്. അന്വേഷണത്തിലൂടെ അവർ അത് നടത്തട്ടെ. ഞങ്ങളെ സംബന്ധിച്ച് ഒരു തരത്തിലും പ്രോത്സാഹിപ്പിക്കപ്പെടേണ്ട ഒരു നിലപാടല്ല ഇത്. ഒരു ഭാഗത്ത് വളരെ കഷ്ടപ്പെട്ട് കഠിനാധ്വാനം ചെയ്ത് വിദേശ സഞ്ചാരികൾ ഉൾപ്പടെ കേരളത്തിന്റെ ടൂറ്സ്റ്റ് കേന്ദ്രങ്ങളിലേക്ക് കടന്ന് വരാനുള്ള പുതിയ പുതിയ പദ്ധതികൾ ആവിഷ്കരിച്ച് വരികയാണ്. കോവിഡിന്റെ രൂക്ഷത മാറി ആളുകളെ കൊണ്ടുവരാനുള്ള ശ്രമങ്ങൾ നടത്തുമ്പോൾ ഇങ്ങനെയുള്ള കാര്യങ്ങൾ തീർച്ചയായും പരിശോധിക്കപ്പൈടണം. സർക്കാരിനൊപ്പം നിന്ന് സർക്കാരിനെ അള്ള് വെക്കുന്ന ആരെങ്കിലും ഉണ്ടെങ്കിൽ ബന്ധപ്പെട്ടവർ നടപടിയെടുക്കണം റിയാസ് പറഞ്ഞു.
വെള്ളാറിലുള്ള ബിവറേജ് ഔട്ട്ലെറ്റിൽനിന്നാണ് സ്റ്റീഫൻ ആസ്ബെർഗ് മൂന്നു കുപ്പി വിദേശമദ്യം വാങ്ങിയത്. ഇതുമായി ഹോട്ടലിലേക്കു പോകുമ്പോൾ വാഹനപരിശോധന നടത്തുകയായിരുന്ന കോവളം പോലീസ് സ്കൂട്ടർ കൈകാണിച്ചു നിർത്തി. ബാഗിൽ മദ്യമുണ്ടോയെന്നും ഉണ്ടെങ്കിൽ ബില്ല് കാണിക്കണമെന്നും ആവശ്യപ്പെട്ടു. ബാഗ് തുറന്ന് മദ്യക്കുപ്പികളെടുത്തു കാണിച്ചെങ്കിലും ബില്ല് നൽകിയില്ല. പോലീസുകാർ വീണ്ടും ബില്ല് ആവശ്യപ്പെട്ടു. ബില്ല് ഇദ്ദേഹത്തിന്റെ കൈവശമില്ലായിരുന്നു. തുടർന്ന് സ്റ്റീഫൻ ബാഗിലുണ്ടായിരുന്ന മൂന്നു മദ്യക്കുപ്പികളിൽനിന്ന് രണ്ടു കുപ്പിയെടുത്ത് സമീപത്തെ പാറക്കെട്ടിലേക്ക് ഒഴുക്കി. മൂന്നാമെത്ത കുപ്പി ബാഗിൽത്തന്നെ വച്ചു. പോലീസ് തന്നോട് ദേഷ്യത്തോടെ സംസാരിച്ചതിന്റെ മാനസികബുദ്ധിമുട്ടിനെ തുടർന്നാണ് ഇങ്ങനെ ചെയ്തതെന്ന് അദ്ദേഹം പറയുകയുണ്ടായി.