ഇടുക്കി: കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചലില്‍ വട്ടവട ഗവ. ഹയര്‍ക്കന്ററിസ്‌കൂളിന്റെ ഒരുഭാഗം പൂര്‍ണ്ണമായി തകര്‍ന്നു. പഠനം തുടരണമെങ്കില്‍ മണ്ണിടിഞ്ഞ ഭാഗങ്ങളില്‍ സംരക്ഷണ ഭിത്തി നിര്‍മ്മിച്ച് കെട്ടിടം അറ്റക്കുറ്റപ്പണികള്‍ നടത്തണമെന്ന് രക്ഷിതാക്കളും നാട്ടുകാരും ആവശ്യപ്പെട്ടു. ഇന്നലെ ഉച്ചയോടെ വട്ടവട കൊട്ടക്കമമ്പൂര്‍ പഴത്തോട്ടം മേഖലകളില്‍ ചെറിയതോടില്‍ ആരംഭിച്ച മഴ വൈകുന്നേരത്തോടെ ശക്തി പ്രാപിക്കുകയായിരുന്നു.
മഴയില്‍ വട്ടവട-കൊട്ടക്കമ്പൂർ റോഡില്‍ മണ്ണിടിഞ്ഞും സമീപത്തെ വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞ് വീണും ഗതാഗതം പൂര്‍ണ്ണമായി നിലച്ചു. വട്ടവട സ്‌കൂളിന്റെ പിന്‍ഭാഗത്ത് മണ്ണിടിഞ്ഞ് കെട്ടിടത്തിന്റെ ഒരുഭാഗം തകര്‍ന്നു. മണ്ണിടിഞ്ഞ ഭാഗങ്ങളില്‍ സംരക്ഷണ ഭിത്തി നിര്‍മ്മിച്ച് കെട്ടിടം അറ്റകുറ്റപ്പണികള്‍ നടത്താതെ കുട്ടികള്‍ക്ക് പഠനം തുടരാന്‍ സാധിക്കില്ലെന്നാണ് നാട്ടുകാരും രക്ഷിതാക്കളും പറയുന്നത്. ആദ്യമായാണ് വട്ടവട മേഖലയില്‍ ഇത്ര ശക്തമായ മഴ ചെയ്യുന്നത്. ഒരു മണിക്കൂറോളം നിര്‍ത്താതെ പെയ്ത മഴയാണ് സമീപങ്ങളില്‍ മണ്ണിടിച്ചലിന് കാരണമായത്.