ന്യൂഡല്‍ഹി : സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത് ഉള്‍പ്പെടെ 14 പേര് മരിക്കാനിടയായ കൂനൂര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ അട്ടിമറിയില്ലെന്ന് അന്വേഷണ സംഘം കണ്ടെത്തിയതായി റിപ്പോര്‍ട്ട്. അപകടം പെട്ടെന്നുണ്ടായതെന്നാണ് നിഗമനം. അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ കേന്ദ്രത്തിന് കൈമാറിയേക്കും. എയര്‍ മാര്‍ഷല്‍ മാനവേന്ദ്ര സിങ്ങിന്റെ നേൃത്വത്തിലുള്ള അന്വേഷണ സംഘം അപകടത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പാര്‍ലമെന്റില്‍ അറിയിച്ചിരുന്നു. ഈ അന്വേഷണ സംഘം അപകടമുണ്ടായ കൂനൂരിലെത്തി നടത്തിയ അന്വേഷണത്തിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്. ബിപിന്‍ റാവത്തും അദ്ദേഹത്തിന്റെ ഭാര്യ മധുലിക റാവത്തും ഉള്‍പ്പെടെ 14 പേര് സഞ്ചരിച്ച മി 17 വി 5 എന്ന ഹെലികോപ്റ്ററാണ് ഡിസംബര്‍ 8ന് ഉച്ചയ്ക്ക് 12.20ന് ഊട്ടിക്കു സമീപം കൂനൂരിലെ വനമേഖലയില്‍ തകര്‍ന്നു വീണത്.
തമിഴ്നാട്ടിലെ കോയമ്പത്തൂരിനടുത്തുള്ള സുലൂരിലെ സൈനിക താവളത്തില്‍ നിന്ന് പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെ തകര്‍ന്നുവീഴുകയായിരുന്നു. ഡിഫന്‍സ് സര്‍വീസസ് സ്റ്റാഫ് കോളേജ് സ്ഥിതി ചെയ്യുന്ന വെല്ലിങ്ടണിലേക്കായിരുന്നു യാത്ര. അപകടത്തില്‍ റാവത്തും ഭാര്യയും ഉള്‍പ്പെടെ 13 പേര് സംഭവ ദിവസം തന്നെ മരിച്ചു. ഗുരുതര പരുക്കുകളോടെ രക്ഷപ്പെട്ടു ചികിത്സയിലായിരുന്ന ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ് ഡിസംബര്‍ 15ന് മരിച്ചു.