കൊച്ചി: നെടുവന്നൂരിൽ രണ്ടുപേർക്ക് തെരുവ് നായയുടെ കടിയേറ്റു. റോഡിൽ നിൽക്കുന്നതിനിടെയാണ് ഇരുവർക്കും കടിയേറ്റത്. തുടർന്ന് ഓടിപ്പോയ നായക്കായി നാട്ടുകാർ തെരച്ചിൽ തുടങ്ങി. കടിയേറ്റ ഇരുവരും ആശുപത്രിയിൽ ചികിത്സ തേടി. ആലുവ നെടുവന്നൂർ സ്വദേശികളായ ഹനീഫ, ജോർജ് എന്നിവർക്കാണ് തെരുവ് നായയുടെ കടിയേറ്റത്. നെടുന്നൂരിൽ തൈക്കാവിന് സമീപം റോഡരികിൽ കാറിന്റെ തകരാർ പരിഹരിക്കുന്നതിനിടെയാണ് ഓടിയെത്തിയ തെരുവുനായ ഫനീഫയെ കടിച്ചത്. കാലിൽ കടിച്ച് തൂങ്ങിയ നായയെ ഏറെ പണിപ്പെട്ടാണ് ഓടിച്ചത്. തൈക്കാവിൽ വച്ച് തന്നെയാണ് ജോർജിനും കടിയേറ്റത്. ഇരുവരും സമീപത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും കളമശ്ശേരി മെഡിക്കൽ കോളേജിലും എത്തി വാക്സീൻ എടുത്തു. തെരുവുനായ പ്രദേശത്തെ വളർത്ത് മൃഗങ്ങളെയും കടിച്ചിട്ടുണ്ട്. ഓടിരക്ഷപ്പെട്ട തെരുവുനായക്കായി നാട്ടുകാർ തെരച്ചിൽ ഊർജിതമാക്കി.