കോഴിക്കോട് : പേവിഷബാധയേറ്റ കുട്ടി പത്തനംതിട്ട ജനറൽ ആശുപത്രിയിൽ മരിക്കാൻ ഇടയായ സംഭവത്തിൽ ചികിത്സാ പിഴവെന്ന് ആരോപണം വസ്തുതാ വിരുദ്ധമെന്ന് കെ.ജി.എം.ഒ.എ ജനറൽ ആശുപത്രി അധികൃത ഭാഗത്തുനിന്നും അനാസ്ഥയുണ്ടായിട്ടില്ലെന്ന് സംസ്ഥാന പ്രസിഡന്റ് ഡോ: ജി എസ് വിജയകൃഷ്ണനും സെക്രട്ടറി ഡോ: ടി എൻ സുരേഷും പ്രസ്താവനയിൽ അറിയിച്ചു.
കൃത്യമായ ചികിത്സ ലഭ്യമാക്കിയതിനു ശേഷവും സംഭവിക്കാൻ സാധ്യതയുള്ള അപൂർവ്വം സാഹചര്യങ്ങളിൽ ഒന്നായിരുന്നു അത്. പതിമൂന്നാം തീയതി രാവിലെ പട്ടിയുടെ കടിയേറ്റ കുട്ടിയെ ഏകദേശം ഒൻപത് മണിയോട് കൂടി ആശുപത്രിയിൽ എത്തിച്ചു. ആശുപത്രിയിൽ എത്തിയതിനു ശേഷം കുട്ടിക്ക് വേണ്ട എല്ലാവിധ പ്രതിരോധ ചികിത്സാ നടപടികളും ലഭ്യമാക്കി. പ്രതിരോധ കുത്തിവയ്പ്പുകൾ നൽകുകയും ചെയ്തു.
കണ്ണിലും കൺപോളകളിലും ഉള്ള മുറിവുകൾനേത്രരോഗ വിദഗ്ധർ കണ്ടു വിദഗ്ധ ചികിത്സ നൽകുകയും മുറിവുകളുടെ കാഠിന്യം നിമിത്തം രോഗാണുബാധ തടയുന്നതിന് ആശുപത്രിയിൽ മൂന്ന് ദിവസം കിടത്തി ആന്റിബയോട്ടിക്ക് ഇഞ്ചക്ഷനുകൾ നൽകുകയും ചെയ്തു. മുറിവുകളിലെ അണുബാധ കുറഞ്ഞു തുടങ്ങിയ സാഹചര്യത്തിലാണ് കുട്ടിയെ വീട്ടിലേക്ക് ഡിസ്ചാർജ് ചെയ്തത്.
തുടർ ചികിത്സക്കായി അടുത്ത ആശുപത്രിയെ സമീപിക്കാൻ നിർദ്ദേശിക്കുകയും ചെയ്തു. വീടിന് അടുത്തുള്ള ആശുപത്രിയിൽ നിന്നും തുടർ ചികിത്സ ലഭ്യമാക്കുകയും പ്രതിരോധ കുത്തിവെപ്പുകൾ പൂർത്തിയാക്കുകയും ചെയ്തു.
പേവിഷ ബാധക്കെതിരെയുള്ള അത്യാധുനിക ശാസ്ത്രീയ ചികിത്സ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ 24 മണിക്കൂറും ലഭ്യമാണ്. മുഖത്തും കണ്ണിലും കൺപോളകളിലും ഏറ്റ മാരകമായ മുറിവുകളിലൂടെ രോഗാണുക്കൾ വളരെ വേഗം തലച്ചോറിലേക്ക് പടരുകയും പ്രതിരോധ മരുന്നുകൾക്ക് പ്രവർത്തിക്കാൻ ആകും മുമ്പേ നാഡീവ്യൂഹത്തെ ബാധിക്കുകയും ചെയ്യാം.
അതുകൊണ്ടായിരിക്കാം രോഗത്തെ ഫലപ്രദമായി പ്രതിരോധിക്കാൻ ആകാതെ വന്നത്. മുറിവുകളുടെ വലിപ്പം, മുറിവേറ്റ ഭാഗത്തുള്ള നാഡീ ഞരമ്പുകളുടെ സാന്ദ്രത, മുറിവേറ്റ സ്ഥലവും തലച്ചോറും തമ്മിലുള്ള സാമീപ്യം, നേരിട്ട് നാഡികൾക്ക് ഏൽക്കുന്ന മുറിവുകൾ എന്നിവയാണ് പലപ്പോഴും രോഗപ്രതിരോധ മാർഗങ്ങളെ തോൽപ്പിച്ച് മാരകമായി തീരാറുള്ളത്.
നായയുടെയോ സസ്തനികളുടെയോ കടിയേൽക്കുകയോ അവയുടെ സ്രവങ്ങൾ ശരീരത്തിലെ മുറിവുകളിലോ മറ്റോ പുരളുകയോ ചെയ്താൽ അടിയന്തരമായി മുറിവേറ്റ ഭാഗം സോപ്പു ഉപയോഗിച്ച് വെള്ളം ഒഴിച്ച് വൃത്തിയായി കഴുകുകയും എത്രയും പെട്ടെന്ന് അടുത്തുള്ള സർക്കാർ ആശുപത്രിയിൽ എത്തി പ്രതിരോധ ചികിത്സ മാർഗ്ഗങ്ങൾ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. കഴിയുന്നതും വേഗം സംഭവ സ്ഥലത്തു വച്ചു തന്നെ സോപ്പ് ഉപയോഗിച്ച് ഒഴുകുന്ന വെള്ളത്തിൽ പതിനഞ്ചു മിനിറ്റ് നേരം മുറിവ് കഴുകേണ്ടത് അതിപ്രധാനമാണ്. പേവിഷബാധ മാരകമായ രോഗമാണ് എന്ന് നമുക്കറിയാം. അതിനെ പ്രതിരോധിക്കാൻ നമ്മുടെ ശ്രദ്ധയും ജാഗ്രതയും അത്യന്താപേക്ഷിതമാണെന്നും പ്രസ്താവനയിൽ അറിയിച്ചു.