യുപി : ഉത്തർപ്രദേശിൽ ചൊവ്വാഴ്ച ഏഴ് വയസ്സുള്ള ദളിത് വിദ്യാർത്ഥിയെ അധ്യാപകൻ മർദിക്കുകയും തല നിലത്തിട്ട് ഉരയ്ക്കുകയും ചെയ്തതായി പൊലീസ്. കിയോറൗണ മേഖലയിലെ ഗംഗാപൂർ താലിയ ഗ്രാമത്തിലെ സർക്കാർ പ്രൈമറി സ്‌കൂളിൽ രണ്ടാം ക്ലാസിൽ പഠിക്കുന്ന ദളിത് കുട്ടി സ്‌കൂൾ ഗ്രൗണ്ടിൽ കളിക്കുകയായിരുന്നു. ഇതിനിടെ കുട്ടിയെ അധ്യാപകൻ മർദിക്കുകയും തല നിലത്തിട്ട് ഉരയ്ക്കുകയും ചെയ്തുവെന്ന് കിയോറൗണ പൊലീസ് സ്‌റ്റേഷൻ ഹൗസ് ഓഫീസർ ജയ് പ്രകാശ് യാദവ് പറഞ്ഞു.
മർദ്ദനത്തിൽ വിദ്യാർത്ഥിയുടെ വലത് കണ്ണിനോട് ചേർന്ന് പരിക്കേറ്റതായും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ വിദ്യാർത്ഥിയുടെ ബന്ധു പരാതി നൽകിയിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം തുടരുകയാണെന്നും യാദവ് പറഞ്ഞു. സംഭവം വിദ്യാഭ്യാസ വകുപ്പ് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് അസിസ്റ്റന്റ് അടിസ്ഥാന വിദ്യാഭ്യാസ ഓഫീസർ (ഡിഗ് ബ്ലോക്ക്) ഫർഹ റയീസ് പറഞ്ഞു. അധ്യാപികയ്ക്ക് നോട്ടീസ് അയച്ചിട്ടുണ്ടെന്നും വിഷയത്തിൽ വിശദീകരണം തേടിയിട്ടുണ്ടെന്നും അവർ വ്യക്തമാക്കി. താൻ തന്നെ ഇക്കാര്യം അന്വേഷിക്കുകയാണെന്നും കുറ്റക്കാർക്കെതിരെ ഉചിതമായ നടപടിയെടുക്കുമെന്ന് ഉറപ്പാക്കുമെന്നും റയീസ് അറിയിച്ചു.
അതേസമയം രാജസ്ഥാനിൽ നിന്ന് ദിവസങ്ങൾക്ക് മുന്നെ ദളിത് വിദ്യാർതഥികൾക്ക് നേരെയുള്ള വിവേചനത്തിന്റെ വാർത്തയും പുറത്തുവന്നിരുന്നു. രാജസ്ഥാനിലെ ഉദയ്പൂർ ജില്ലയിലെ സർക്കാർ സ്‌കൂളിൽ രണ്ട് ദളിത് പെൺകുട്ടികളോട് ജാതി വിവേചനം കാണിച്ചതിന് പാചകക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച ബറോഡി പ്രദേശത്തെ സർക്കാർ അപ്പർ പ്രൈമറി സ്‌കൂളിൽ ലാലാ റാം ഗുർജാർ പാകം ചെയ്ത ഉച്ചഭക്ഷണമാണ് ദളിത് പെൺകുട്ടികൾ വിളമ്പിയത്.
ലാൽ റാം ഇതിനെ എതിർക്കുകയും ഭക്ഷണം കഴിക്കുകയായിരുന്ന വിദ്യാർത്ഥികളോട് ദലിതർ വിളമ്പിയതിനാൽ വലിച്ചെറിയാൻ ആവശ്യപ്പെടുകയും ചെയ്തുവെന്ന് പൊലീസ് പറഞ്ഞു. വിദ്യാർഥികൾ നിർദേശം പാലിച്ച് ഭക്ഷണം വലിച്ചെറിഞ്ഞു. പെൺകുട്ടികൾ സംഭവം വീട്ടുകാരോട് പറഞ്ഞതിനെ തുടർന്ന് ബന്ധുക്കൾ സ്‌കൂളിലെത്തി പാചകക്കാരനെതിരെ നടപടി ആവശ്യപ്പെട്ടിരുന്നു.
എസ്‌സി, എസ്ടി (അതിക്രമങ്ങൾ തടയൽ) ആക്‌ട് പ്രകാരം പാചകക്കാരനെതിരെ ഗോഗുണ്ട പൊലീസ് സ്‌റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. “സംഭവം സത്യമാണെന്ന് കണ്ടെത്തിയതിനാൽ ഉടനടി നടപടി സ്വീകരിച്ചു. ദളിത് പെൺകുട്ടികൾ ഭക്ഷണം വിളമ്പിയതിനാലാണ് വിദ്യാർത്ഥികൾ ഭക്ഷണം വലിച്ചെറിഞ്ഞത് ” പൊലീസ് അറിയിച്ചു.