ദില്ലി: വെറുപ്പും ഭിന്നിപ്പുമാണ് തനിക്ക് പിതാവിനെ നഷ്ടപ്പെടാൻ കാരണമെന്ന് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുൽ ഗാന്ധി. എന്നാൽ നാടിനെ നഷ്ടപ്പെടാൻ താൻ അനുവദിക്കില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. സ്നേഹം വെറുപ്പിനോട് പോരാടി ജയിക്കും. പ്രതീക്ഷ ഭയത്തെ കീഴടക്കുമെന്നും ഒരുമിച്ച് വെല്ലുവിളികളെ മറികടക്കാൻ ആകുമെന്നും രാഹുൽ ട്വിറ്ററില്‍ കുറിച്ചു. രാജീവ് ഗാന്ധി വീരമൃത്യുവരിച്ച ശ്രീപെരുമ്പത്തൂരിലെത്തി പ്രാര്‍ത്ഥന നടത്തിയ ചിത്രം പങ്കുവെച്ചായിരുന്നു രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്.
അതേസമയം, രാഹുല്‍ ഗാന്ധി നയിക്കുന്ന കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെയുള്ള ഭാരത് ജോഡോ യാത്രയ്ക്ക് ഇന്ന് തുടക്കമാകുകയാണ്. കന്യാകുമാരിയില്‍ സജ്ജമാക്കിയിരിക്കുന്ന പ്രത്യേക വേദിയില്‍ വൈകുന്നേരം അഞ്ചിനാണ് ഔദ്യോഗിക ഉദ്ഘാടനം. കന്യാകുമാരി മുതൽ കാശ്മീർ വരെ 5 മാസം നീളുന്ന പദയാത്രയായാണ് ഭാരത് ജോഡോ സംഘടിപ്പിക്കുന്നത്. ഇന്ന് രാവിലെ ശ്രീപെരുമ്പത്തൂരിലെത്തിയ രാജീവ്ഗാന്ധി ഉച്ചയ്ക്ക് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ ശേഷം ഒരു മണിയോടെ ഹെലികോപ്ടറില്‍ കന്യാകുമാരിയിലേക്ക് തിരിക്കും. ശേഷമാകും യാത്രയ്ക്ക് ഔദ്യോഗിക തുടക്കം.