ആന്ധ്രാപ്രദേശ് : ആന്ധ്രാപ്രദേശിൽ ബലാത്സംഗം ചെറുത്തതിന് 14 വയസ്സുകാരിക്ക് നേരെ ആസിഡ് ആക്രമണം. 14 വയസ്സുകാരിക്ക് നേരെ ആസിഡ് എറിയുകയും കഴുത്തറുത്ത് കൊല്ലാൻ ശ്രമിക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു. കുട്ടുയടെ കഴുത്തിൽ മുറിവേറ്റിട്ടുണ്ട്. തിങ്കളാഴ്ച രാത്രി പെൺകുട്ടി തനിച്ചായിരുന്നപ്പോൾ അകന്ന ബന്ധുവാണ് ആക്രമണം നടത്തിയത്.
പരിക്കേറ്റ പെൺകുട്ടിയെ നെല്ലൂരിലെ ആശുപത്രിയിലേക്ക് മാറ്റി. അവിടെ നിന്ന് മെച്ചപ്പെട്ട ചികിത്സയ്ക്കായി ചൊവ്വാഴ്ച ചെന്നൈയിലേക്ക് കൊണ്ടുപോയി. പെൺകുട്ടിക്ക് ആന്ധ്രാപ്രദേശ് സർക്കാർ അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ഒരാഴ്ചയ്ക്കുള്ളിൽ കേസിൽ കുറ്റപത്രം സമർപ്പിക്കുകയും വേഗത്തിലുള്ള വിചാരണ ഉറപ്പാക്കുകയും ചെയ്യുമെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
പ്രാഥമിക അന്വേഷണത്തിൽ പെൺകുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്ന് കണ്ടെത്തി. ഇപ്പോൾ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് പൊലീസ് ഉദ്യോഗസ്ഥൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. പെൺകുട്ടിയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ അയൽക്കാർ പെൺകുട്ടിയുടെ വീട്ടിലേക്ക് ഓടിക്കയറിയപ്പോഴാണ് രക്തം വാർന്ന നിലയിൽ കുട്ടിയെ കണ്ടെത്തിയത്. അവർ മാതാപിതാക്കളെ വിവരമറിയിക്കുകയും ഉടൻ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തുവെന്ന് പൊലീസ് അറിയിച്ചു.