കുവൈത്ത് സിറ്റി: ഗര്‍ഭനിരോധനത്തിനും ഗര്‍ഭഛിദ്രത്തിനുമുള്ള മരുന്നുകള്‍ അനധികൃതമായി വില്‍പന നടത്തിയ സൂപ്പര്‍ മാര്‍ക്കറ്റിനെതിരെ കുവൈത്തില്‍ നടപടി. കുവൈത്ത് മുനിസിപ്പാലിറ്റിയും കുവൈത്ത് ആരോഗ്യ മന്ത്രാലയം ഉദ്യോഗസ്ഥരും കഴിഞ്ഞ ദിവസം ഹവല്ലി ഗവര്‍ണറേറ്റില്‍ നടത്തിയ പരിശോധനയിലാണ് ലൈസന്‍സില്ലാതെ മരുന്നുകള്‍ വില്‍ക്കുന്നത് ശ്രദ്ധയില്‍പെട്ടത്. ബറായ സലീമിലെ ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് അബോര്‍ഷനും ഗര്‍ഭനിരോധനത്തിനും ഉപയോഗിക്കുന്ന ഗുളികകള്‍ അധികൃതര്‍ പരിശോധനയില്‍ പിടിച്ചെടുക്കുകയായിരുന്നു. ലൈസന്‍സില്ലാതെ മരുന്നുകള്‍ വിറ്റതിന് സ്ഥാപനത്തിന് നോട്ടീസ് നല്‍കുകയും സൂപ്പര്‍ മാര്‍ക്കറ്റ് അടച്ചുപൂട്ടി സീല്‍ ചെയ്യുകയും ചെയ്‍തതായി അധികൃതര്‍ അറിയിച്ചു.