കോഴിക്കോട് : വിവാദങ്ങൾ ശക്തമായതോടെ ഡി-ലിറ്റിൽ നിലപാട് വ്യക്തമാക്കി കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ. കാലിക്കറ്റ് സർവകലാശാലയുടെ ഡി-ലിറ്റ് സ്വീകരിക്കാൻ താല്പര്യമില്ലെന്നറിയിച്ച് കാന്തപുരം വൈസ് ചാൻസലർക്ക് കത്തയച്ചു. ഡി- ലിറ്റുമായി ബന്ധപ്പെട്ട് നടക്കുന്ന ചർച്ചകൾ കാന്തപുരത്തിന്റെ അറിവോടെയല്ലെന്നും അക്കാദമിക് രംഗത്ത് സർവ്വകലാശാല ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും കാന്തപുരത്തിന്റെ വക്താവ് കത്തിൽ ആവശ്യപ്പെടുന്നു.വിദ്യാഭ്യസ രംഗത്ത് നൽകിയ മഹനീയമായ സേവനങ്ങൾ കണക്കിലെടുത്ത്, കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ, വെള്ളാപ്പള്ളി നടേശൻ എന്നിവർക്ക് ഡോക്ടറേറ്റ് ബഹുമതി നൽകണമെന്ന് കഴിഞ്ഞ ദിവസമാണ് കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റിൽ പ്രമേയം അവതരിപ്പിക്കപ്പെട്ടത്. ഇടത് സിൻഡിക്കേറ്റംഗം ഇ. അബ്ദുറഹിമാണ് വൈസ് ചാൻസലറുടെ അനുമതിയോടെ പ്രമേയം അവതരിപ്പിച്ചത്. വിദ്യാഭ്യാസ രംഗത്ത് മാതൃകാ പ്രവർത്തനങ്ങൾ നടത്തുന്ന മഹദ് വ്യക്തികളാണ് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരും, വെള്ളാപ്പള്ളി നടേശനും.
ഇരുവരും വിദ്യാഭ്യാസ മേഖലയിലേക്ക് നൽകുന്ന സംഭാവനകൾ പരിഗണിച്ച് ഡിലിറ്റിന് സബ് കമ്മിറ്റി ശുപാർശ ചെയ്യണമെന്നാണ് ഇടത് സിൻഡിക്കേറ്റ് അംഗം ഇ അബ്ദുറഹീം വിസിയുടെ മുൻകൂർ അനുമതിയോടെ അവതരിപ്പിച്ച പ്രമേയം ആവശ്യപ്പെടുന്നത്. ഒൻപത് അംഗങ്ങളാണ് യോഗത്തിൽ പങ്കെടുത്തത്. ഇതിൽ എട്ട് പേരും ഇടത് ചായ്‍വ് ഉള്ളവരാണ്. തർക്കത്തിനൊടുവിൽ ഡി-ലിറ്റ് നൽകാൻ പ്രമുഖരായ വ്യക്തികളെ കണ്ടെത്തുന്നതിന് രൂപീകരിച്ച സിൻഡിക്കേറ്റ് സബ് കമ്മിറ്റിയുടെ പരിഗണയിലേക്ക് പ്രമേയം നൽകാൻ തീരുമാനമായി. അതിനിടെ, കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർക്കും, വെള്ളാപ്പള്ളി നടേശനും ഡി ലിറ്റ് നല്കാനുള്ള കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ നീക്കത്തിനെതിരെ ഗവർണർക്ക് പരാതി ലഭിച്ചു. സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റിയാണ് പരാതി നൽകിയത്. സാംസ്‌ക്കാരിക മണ്ഡലത്തിനും വൈജ്ഞാനിക മേഖലയ്ക്കും ഉന്നത സംഭാവനകൾ നൽകിയിട്ടുള്ള വ്യക്തിത്വങ്ങളെ ആദരിക്കുന്നതിന് സർവകലാശാലാ ചട്ടങ്ങളിൽ വ്യവസ്ഥ ചെയ്തിട്ടുള്ള ഓണററി ഡോക്ടറേറ്റ് ബിരുദം കാന്തപുരത്തിനും വെള്ളാപ്പള്ളിക്കും നൽകാനുള്ള കാലിക്കറ്റ് സർവകലാശാലയുടെ നീക്കം പുനപരിശോധിക്കണമെന്നാണ് കാലിക്കറ്റ് വൈസ് ചാൻസലറോടും, ഡിഗ്രിക്ക് അംഗീകാരം നൽകരുതെന്ന് ഗവർണറോടും സേവ് യൂണിവേഴ്സിറ്റി ക്യാംപെയിൻ കമ്മിറ്റി ആവശ്യപ്പെടുന്നത്.
രാഷ്ട്രപതിക്ക് പോലും ഡിലിറ്റ് ബിരുദം നൽകുവാൻ വിസമ്മതിച്ചിരിക്കുമ്പോഴാണ് കാലിക്കറ്റ് സർവകലാശാല ഇവർ രണ്ടു പേർക്കും ഡിലിറ്റ് ബിരുദം നൽകി ആദരിക്കുവാനുള്ള പ്രമേയം അനുഭാവപൂർവ്വം പരിഗണിച്ചത്. ജാതിമത പ്രീണനത്തിന്റെ ഭാഗമായി ഇടതുപക്ഷ സർക്കാരിൻറെ നിർദ്ദേശാനുസരണമാണ് പ്രമേയം അവതരിപ്പിക്കുവാൻ അപ്രധാനിയായ ഒരു സിൻഡിക്കേറ്റ് അംഗത്തിന് വൈസ് ചാൻസിലർ അനുമതി നൽകിയതെന്ന് പരാതിയിൽ ആരോപിക്കുന്നു. സർവകലാശാലയെ ഉപയോഗിച്ച് സമുദായങ്ങളെ കൂടെ നിർത്തുവാനുള്ള രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമാണ് ഡോക്ടറേറ്റ് നൽകാനുള്ള കാലിക്കറ്റിന്റെ തീരുമാനം. സർവകലാശാലകൾ ഓണററി ഡോക്ടറേറ്റ് ബിരുദം നൽകിയിട്ടുള്ളവരുടെ സംഭാവനകൾ പരിശോധിച്ച ശേഷം, ഇവർ രണ്ടുപേരും സാംസ്‌കാരിക – വൈജ്ഞാനിക മേഖലകൾക്ക് നൽകിയിട്ടുള്ള സംഭാവനകൾ വ്യക്തമാക്കുവാൻ കാലിക്കറ്റ് സർവ്വകലാശാല തയ്യാറാ വണമെന്നും സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ആവശ്യപ്പെടുന്നു.