ന്യൂഡൽഹി∙ സെന്റർ ഫോർ പോളിസി റിസർച്ചിൽ (സിപിആർ) ആദായനികുതി വകുപ്പ് റെയ്ഡ്. ഡൽഹി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സ്വതന്ത്ര തിങ്ക്ടാങ്ക് ആയ സിപിആറിന്റെ ഹരിയാന, മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളിലെ ഓഫിസുകളിലും റെയ്ഡ് നടത്തിയിരുന്നു. സിപിആറിനു പണം ലഭിക്കുന്നതുമായി ബന്ധപ്പെട്ടാണ് പരിശോധനകൾ.
ബിജെപി വിമർശകനായ പ്രതാപ് ബാനു മെഹ്തയുടെ നേതൃത്വത്തിലാണു സിപിആറിന്റെ പ്രവർത്തനം. ജവാഹർ ലാൽ നെഹ്റു സർവകലാശാല മുൻ അധ്യാപിക മീനാക്ഷി ഗോപിനാഥ്, യാമിനി അയ്യർ, ശ്യാം ശരൻ തുടങ്ങിയ അക്കാദമിക് രംഗത്തെ പ്രമുഖരും ഈ സംഘത്തിന്റെ നേതൃനിരയിലുണ്ട്.
സാമ്പത്തിക ലാഭത്തിനുവേണ്ടിയല്ല സൊസൈറ്റി പ്രവർത്തിക്കുന്നതെന്നു സിപിആർ വ്യക്തമാക്കി. അതിനാൽ നികുതി ഇളവുകളുണ്ട്. സൊസൈറ്റിക്കു വിവിധ ഫൗണ്ടേഷനുകൾ, സർക്കാർ, വ്യക്തികൾ എന്നിവിടങ്ങളിൽനിന്നു സംഭാവന ലഭിക്കാറുണ്ട്. എല്ലാ കണക്കുകളും വെബ്സൈറ്റിൽ ലഭ്യമാണെന്നും സിപിആർ വ്യക്തമാക്കി.