ശാസ്ത്രജ്ഞരെയും ഡോക്ടർമാരെയും ഉത്തരംമുട്ടിച്ച് നാലുകാലിൽ നടക്കുകയാണ് തുർക്കിയിലെ ഒരു കുർദ് കുടുംബം. വർഷങ്ങൾക്ക് മുമ്പ് ബി.ബി.സി ഡോക്യുമെന്ററിയിലൂടെയാണ് ഈ കുടുംബം ലോകത്തിന്റെ ശ്രദ്ധയിൽ വരുന്നത്. കാലമിത്ര കഴിഞ്ഞിട്ടും ഈ കുടുംബത്തിന്റെ അവസ്ഥ സംബന്ധിച്ച് പൂർണമായ വിശദീകരണം നൽകാൻ ശാസ്ത്രജ്ഞർക്കോ ഡോക്ടർമാർക്കോ ആയിട്ടില്ല.
കുടുംബത്തിലുള്ള ഏറെപേരും കാലുകൾ കൂടാതെ കൈകൾ കൂടി നിലത്തുകുത്തിയാണ് നടക്കുന്നത്. ഈ വാർത്തകൾ പുറത്തുവന്നയുടനെ ‘പരിണാമത്തിന്റെ പിൻനടത്തം’ എന്നാണ് അതിനെ പല ശാസ്ത്രജ്ഞരും വിളിച്ചത്.പിന്നീട് നടത്തിയ പരിശോധനകളുടെയും പഠനങ്ങളുടെയും അടിസ്ഥാനത്തിൽ ഇത് ഒരു രോഗാവസ്ഥയാണെന്ന് ഡോക്ടർമാർ വിശദീകരിച്ചെങ്കിലും പല ശാസ്ത്രജ്ഞർക്കും അത് തൃപ്തികരമായിരുന്നില്ല. ജൻമനായുള്ള സെറിബെല്ലാർ അറ്റാക്സിയ എന്ന അവസ്ഥയാണെന്നായിരുന്നു ഡോക്ടർമാരുടെ വിശദീകരണം.ചെറിയതോതിൽ ബുദ്ധിപരമായ പ്രശ്നങ്ങളും രണ്ട് കാലിൽ നിൽക്കാൻ പ്രയാസവുമുള്ളവരാണ് നാലു കാലിൽ നടക്കുന്നത്. ഇവരിൽ പലരെയും രണ്ടു കാലിൽ നടക്കാൻ പരിശീലിപ്പിക്കുകയും കുറേയൊക്ക അതിൽ വിജയിക്കുകയും ചെയ്തിട്ടുണ്ടെന്നാണ് പുതിയ റിപ്പോർട്ടുകൾ.