തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമൂട്ടിൽ ഭീതി വിതച്ച് മദ്യലഹരിയില്‍ ആംബുലൻസ് ഡ്രൈവറുടെ അഴിഞ്ഞാട്ടം. തിരുവോണത്തലേന്ന് മൂക്കറ്റം കുടിച്ച് ആംബുലൻസുമായി റോഡിലിറങ്ങിയ ഡ്രൈവര്‍ ഇടിച്ചിട്ടത് നിരവധി വാഹനങ്ങള്‍. ഒടുവില്‍ നിർത്താതെ പോയ ആംബുലൻസ് നാട്ടുകാർ പിന്തുടർന്ന് പിടികൂടുകയായിരുന്നു.
ബുധനാഴ്ച അർദ്ധ രാത്രിയോടെയാണ് വെഞ്ഞാറമൂട് ഭാഗത്തുനിന്നും അമിത വേഗത്തിലെത്തിയ ആംബുലൻസ് മൂന്നു വാഹനങ്ങളെ ഇടിച്ചത്. അടൂർ സ്വദേശികള്‍ സഞ്ചരിച്ച ഒരു വാഹനത്തെ ഇടിച്ച ശേഷം നിർത്താതെ പോയ ആംബുസൻസിനെ നാട്ടുകാർ പിന്തുടർന്നു. ആംബുലൻസ് ഡ്രൈവറായ കേശവദാസപുരം സ്വദേശി മിഥുനെ നാട്ടുകാർ പിടികൂടി.
നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വെഞ്ഞാറമൂട് പൊലീസ് സ്ഥലത്തെത്തി മിഥുനെ കസ്റ്റഡിലെടുത്തു. വൈദ്യപരിശോധനയിൽ ഇയാള്‍ അമിതമായി മദ്യപിച്ചതായി തെളിഞ്ഞു. ഇയാളുടെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹനവകുപ്പിനോട് ശുപാർശ ചെയതതായി വെഞ്ഞാറമൂട് പൊലീസ് പറഞ്ഞു. മിഥുനെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.