ന്യൂഡൽഹി∙ സിദ്ദീഖ് കാപ്പനെതിരായുള്ള കേസ് കെട്ടിച്ചമച്ചതാണെന്നു കോടതിക്കു ബോധ്യപ്പെട്ടെന്ന് അഭിഭാഷകന്‍ ഹാരിസ് ബീരാന്‍ പ്രതികരിച്ചു. ഹാത്രസിലേക്ക് പോയ വാഹനത്തില്‍നിന്ന് കിട്ടിയത് ഇംഗ്ലിഷ് ലഘുലേഖകളാണ്. അമേരിക്കയിലെ ‘ബ്ലാക് ലൈവ്സ് മാറ്റര്‍’ പ്രക്ഷോഭത്തിന്റെ പോസ്റ്ററുകളും ലഭിച്ചു. ജസ്റ്റിസ് ഫോര്‍ ഹാത്രസ് വിക്ടിം’ എന്നായിരുന്നു മറ്റൊരു പോസ്റ്റര്‍. ഇംഗ്ലീഷ് ലഘുലേഖകള്‍ എങ്ങനെ പ്രകോപനപരമാവും എന്ന് കോടതി ചോദിച്ചുവെന്നും ഹാരിസ് ബീരാന്‍ പറഞ്ഞു. ‘‘രണ്ടു വർഷത്തോളമായി അദ്ദേഹം ജയിൽവാസത്തിലായിരുന്നു. യുഎപിഎ പ്രകാരം പ്രതിക്കു ജാമ്യം കിട്ടണമെങ്കിൽ പ്രോസിക്യൂഷൻ പറയുന്ന കാര്യങ്ങൾ ശരിയല്ലെന്നു കോടതിക്കു ബോധ്യം വരണം. അതുകൊണ്ടാണ് യുഎപിഎയിൽ വരുന്ന പ്രതികൾ ജാമ്യം കിട്ടാതെ ജയിലിൽ കിടക്കുന്നത്.
45,000 രൂപ സിദ്ദീഖ് കാപ്പന്റെ അക്കൗണ്ടിലേക്ക് പോപ്പുലര്‍ ഫ്രണ്ട് ഇട്ടുവെന്നാണ് അവർ പറയുന്നത്. ഈ തുക ഉപയോഗിച്ചാണ് ഹാത്രസിലേക്കു പോകാനും ലഹള ഉണ്ടാക്കാനും സിദ്ദീഖ് കാപ്പനും കൂട്ടാളികളും ശ്രമിച്ചതെന്നാണു പ്രോസിക്യൂഷൻ കേസ്. ഗൂഢാലോചനയാണു മറ്റൊരു കുറ്റം. അതിനും പ്രോസിക്യൂഷന് പ്രത്യേകിച്ചു വാദമൊന്നുമില്ല.’’– ഹാരിസ് ബീരാൻ പറഞ്ഞു.