തിരുവനന്തപുരം: വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷയ്ക്ക് മറുപടി നൽകാത്ത ഉദ്യോഗസ്ഥന് പിഴ. സംസ്ഥാന വിവരാവകാശ കമ്മീഷനാണ് കേരള സർവ്വകലാശാല ജോയിന്‍റ് രജിസ്ട്രാറർ പി രാഘവന് പിഴ ചുമത്തിയത്. 25,000 രൂപ പിഴ അടയ്ക്കാൻ വിവരാവകാശ കമ്മീഷൻ അംഗമായ ഡോ. വിവകാനന്ദനാണ് ഉത്തരവിട്ടത്. സർവ്വകലാശാല സൈക്കോളജി വിഭാഗം മുൻ മേധാവി ഡോ. ഇമ്മാനുവൽ തോമസ് നൽകിയ അപ്പീലാണ് നടപടി. ഇമ്മാനുവൽ തോമസിന് കേരള സർവ്വകലാശാല ക്യാമ്പസിൽ പ്രവേശിക്കുന്നത് വിലക്കി രജിസ്ട്രാറർ ഉത്തരവിറക്കിയിരുന്നു.
കേരള സർവ്വകലാശാലയിലെ സൈക്കോളജി വിഭാഗത്തിലെ ഒരു അധ്യാപകനെതിരായ വിദ്യാർത്ഥി സമരത്തെ തുടർന്നാണ് ഉത്തരവിറങ്ങിയത്. ഈ ഉത്തരവിന് പിന്നിലെ കാരണങ്ങള്‍ തേടിയാണ് ഇമ്മാനുവൽ വിവരാവകാശ നിയമപ്രകാരം 11 ചോദ്യം ചോദിച്ചത്. ഇതിന് മതിയായ മറുപടി നൽകാത്തതിനാണ് ശിക്ഷാ നടപടി. അധ്യാപകനെ വിലക്കിയ ഉത്തരവ് മനുഷ്യാവകാശ ലംഘനമാണെന്നും ഉത്തരവിൽ വിവരാവകാശ കമ്മീഷൻ വ്യക്തമാക്കി.