കോഴിക്കോട്: കോഴിക്കോട് മയക്കുമരുന്നുമായി നാല് യുവാക്കള്‍ പിടിയില്‍. ബാലുശ്ശേരി വട്ടോളിയിലാണ് മയക്കുമരുന്നുമായി യുവാക്കൾ പിടിയിലായത്. തുരുത്ത്യാട് ഫുഹാദ് സെനീൻ , പനായി റാഷിദ് പിടി ,കോക്കല്ലൂർ സ്വദേശികളായ മുഹമ്മദ് റാഫി , വിഷ്ണു പ്രസാദ് എന്നിവരെയാണ് ബാലുശേരി എസ് ഐ റഫീഖും സംഘവും ചേർന്ന് അറസ്റ്റ് ചെയ്തത്.
വട്ടോളി കിനാലൂർ റോഡിൽ പൂളക്കണ്ടിയിൽ കാറിൽ നിന്നാണ് മയക്കുമരുന്ന് പിടികൂടിയത്. ഇവരിൽനിന്നും 0.2 ഗ്രാം എം.ഡി.എം.എ. യും 5.8 ഗ്രാം കഞ്ചാവും പൊലീസ് പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം പത്തനംതിട്ടയിലും കഞ്ചാവുമായി യുവാവ് പിടിലായിരുന്നു. അടൂരിൽ രണ്ടര കിലോ കഞ്ചാവുമായി സിപിഐ ലോക്കൽ കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറിയാണ് പൊലീസിന്‍റെ പിടിയിലയത്.
കൊടുമൺ സ്വദേശി ജിതിൻ മോഹനെയാണ് എക്സൈസ് കഴിഞ്ഞ ദിവസം കഞ്ചാവുമായി അറസ്റ്റ് ചെയ്തത്. മുൻപും ക്രിമിനൽ കേസുകളിൽ പ്രതിയായിട്ടുള്ളയാളാണ് ജിതിൻ മോഹനെന്ന് പൊലീസ് പറഞ്ഞു. അടൂരിലും പരിസര പ്രദേശങ്ങളിലും കഞ്ചാവ് വിൽപ്പന നടത്തിയ സംഘത്തിലെ അംഗമായിരുന്നു പിടിയിലായ ജിതിനെന്ന് പൊലീസ് അറിയിച്ചു. ഓണത്തോടനുബന്ധിച്ച് എക്സൈസ് നടത്തിയ സ്പെഷ്യൽ ഡ്രൈവിലാണ് ജിതിനും സുഹൃത്തും സഞ്ചരിച്ചിരുന്ന കാറിൽ കഞ്ചാവ് കണ്ടെത്തിയത്.
ഇയാൾക്കൊപ്പമുണ്ടായിരുന്ന കൊടുമണ്‍ സ്വദേശിയായ അനന്തു ഓടി രക്ഷപ്പെട്ടു. ഇവര്‍ യാത്ര ചെയ്ത ആൾട്ടോ കാർ എക്സൈസ് പിടിച്ചെടുത്തിട്ടുണ്ട്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ജിതിനെന്ന് എക്സൈസ് അറിയിച്ചു. കൊടുമണ്‍ സഹകരണ ബാങ്കിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എസ്ഐയെ എറിഞ്ഞ് പരിക്കേൽപ്പിച്ച കേസ് ഇയാൾക്കെതിരെയുണ്ട്. വലിയ അളവിൽ ഇവര്‍ക്ക് കഞ്ചാവ് എത്തിച്ചു നൽകിയതാരെന്ന് കണ്ടെത്താനുള്ള അന്വേഷണം തുടങ്ങിയതായി അടൂര്‍ എക്സൈസ് റേഞ്ച് ഇൻസ്പെക്ടര്‍ ബിജു എൻ ബേബി പറഞ്ഞു.