യുകെ -യിൽ ഏറ്റവുമധികം കാലം ഭരിച്ചിരുന്ന രാജ്ഞിയായിരുന്നു എലിസബത്ത്. കഴിഞ്ഞ ദിവസമാണ് 96 -ാം വയസിൽ രാജ്ഞി അന്തരിച്ചത്. 70 വർഷക്കാലമാണ് രാജ്ഞി സിംഹാസനത്തിൽ ഇരുന്നത്. അതോടെ രാജ്ഞി ഉപയോഗിച്ചിരുന്ന പല വസ്തുക്കളും വിൽക്കാൻ വച്ചു. അതിൽ 1998 -ൽ രാജ്ഞി ഉപയോഗിച്ചിരുന്ന ടീ ബാഗ് അടക്കം ഉൾപ്പെടുന്നു. ഈ ടീ ബാഗ് വിൽപ്പനയ്ക്കെത്തിയത് $12,000 (ഇന്ത്യൻ രൂപ -9,55,872) -നാണ്.
പരേതയായ എലിസബത്ത് രാജ്ഞി ഉപയോഗിച്ചതായി കരുതപ്പെടുന്ന ടീബാഗ് 1998 -ൽ കീടനിയന്ത്രണ പരിപാടികൾ നടക്കുന്നതിനിടെ മോഷ്ടിക്കപ്പെട്ടിരുന്നു. എന്നാൽ, ഇപ്പോൾ അതേ ടീ ബാഗ് 9.5 ലക്ഷം രൂപയ്ക്ക് വിൽപനയ്ക്ക് എത്തി.
“1998 -ന്റെ അവസാനത്തിൽ നിങ്ങൾ CNN -ൽ കണ്ടിരിക്കാനിടയുള്ള ടീബാഗ് ആണിത്. ഇത് എലിസബത്ത് II രാജ്ഞി ഉപയോഗിച്ചിരുന്ന ടീ ബാഗാണ്. ലണ്ടനിലെ വലിയ റോച്ച് ആക്രമണത്തിന്റെ സമയത്ത് രാജ്ഞിയെ സഹായിക്കാൻ വിൻഡ്‍സർ കൊട്ടാരത്തിൽ എത്തിയവർ 1990 -കളിൽ ഇത് കടത്തിക്കൊണ്ടു പോയി” എന്ന് ഇതിന്റെ വിവരണത്തിൽ എഴുതിയിട്ടുണ്ട്.
moo_4024 എന്ന പേരിൽ അറിയപ്പെടുന്ന യുഎസ് ആസ്ഥാനമായുള്ള ആളാണ് ടീ ബാഗ് വിൽപ്പനയ്ക്ക് വച്ചിരിക്കുന്നത്. ഇത് ശരിക്കും രാജ്ഞി ഉപയോഗിച്ചിരുന്ന ടീ ബാഗ് ആണ് എന്ന് വിൽപ്പനക്കാർ ഉറപ്പ് പറയുകയും അതിന്റെ ആധികാരികത ഉറപ്പ് വരുത്തുകയും ചെയ്‍തിട്ടുണ്ട്. ഇത് ചരിത്രത്തിന്റെ ഒരു ഭാഗമാണ് എന്നും വിലമതിക്കാനാവാത്തതാണ് എന്നും കൂടി ടീ ബാഗ് വിൽപ്പനയ്ക്ക് എത്തിച്ചവർ പറയുന്നുണ്ട്.
എലിസബത്ത് രാജ്ഞിയുടെ ഒരു പൂർണകായ മെഴുക് പ്രതിമയും വിൽപനയ്ക്ക് ഇബേയിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അതിന്റെ വില ടീ ബാഗിനേക്കാൾ കൂടുതലാണ്. 12 ലക്ഷം രൂപയാണ് ഇതിന്.