ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയെ വിമർശിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഇന്ത്യയെ ഒന്നിപ്പിക്കാനായി ഇറങ്ങിത്തിരിച്ച രാഹുൽ ഗാന്ധി ആദ്യം രാജ്യത്തിന്റെ ചരിത്രം പഠിക്കണമെന്ന് അമിത് ഷാ പറഞ്ഞു. രാജസ്ഥാനിലെ ജോധിപുരിൽ ബിജെപിയുടെ ബൂത്തതല അനുയായികളെ അഭിസംബോധന ചെയ്യവെയാണ് അമിത് ഷായുടെ പരാമർശം. വിദേശ ടീ ഷർട്ട് ധരിച്ചാണ് രാഹുൽ പദയാത്ര നടത്തുന്നതെന്നും അമിത് ഷാ പറഞ്ഞു.
രാഹുൽ ഗാന്ധി പാർലമെന്റിൽ നടത്തിയ ഒരു പ്രസംഗത്തെക്കുറിച്ചും അമിത് ഷാ പരാമർശിച്ചു.‘രാഹുൽ ഗാന്ധി പാർലമെന്റിൽ നടത്തിയ ഒരു പ്രസംഗത്തെ കുറിച്ച് അദ്ദേഹത്തെയും കോൺഗ്രസുകാരെയും ഓർമിപ്പിക്കേണ്ടതുണ്ട്. ഇന്ത്യ എല്ലാവരുടെയും രാഷ്ട്രമല്ലെന്നാണ് അദ്ദേഹം പറഞ്ഞത്. രാഹുൽ, താങ്കൾ ഏതു ബുക്കിലാണ് ഇങ്ങനെ വായിച്ചിട്ടുള്ളത്? ലക്ഷക്കണക്കിന് ആളുകൾ അവരുടെ ജീവൻ ബലിയർപ്പിച്ച രാജ്യമാണിത്.’– അമിത് ഷാ പറഞ്ഞു.
കോൺഗ്രസിന് ഒരിക്കലും വികസനത്തിനായി പ്രവർത്തിക്കാനാകില്ലെന്നും അവർക്ക് പ്രീണനത്തിനും വോട്ട് ബാങ്ക് രാഷ്ട്രീയത്തിനും വേണ്ടി മാത്രമേ പ്രവർത്തിക്കാൻ കഴിയൂവെന്നും അമിത് ഷാ പറഞ്ഞു.