തൃശൂർ: മാളയിൽ വീട്ടിൽ അതിക്രമിച്ച് കയറി സ്ത്രീകളെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതിയായ സാത്താൻ എന്ന അനീഷിനെ പൊലീസ് പൊക്കിയത് തന്ത്രപരമായി. മാള പള്ളിപ്രം സ്വദേശി അനീഷിനെയാണ് ഒളിവിൽ കഴിയവേ അറസ്ററ് ചെയ്തത്. ജൂലൈ 27 രാത്രിയാണ് അനീഷ് രണ്ടുസ്ത്രീകൾക്കെതിരെ അക്രമം നടത്തിയത്. പുത്തൻചിറയിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന 53കാരിയുടെ വീട്ടിൽ ആണു അനീഷ് ആദ്യം എത്തിയത്. ജനലിൽ തട്ടിവിളിച്ച് വാതിൽ തുറക്കാൻ ആവശ്യപ്പെട്ടു. വാതിൽ തുറക്കാൻ വിസമ്മതിച്ചതോടെ ചവിട്ടി തുറന്ന് ബലമായി കടന്നുപിടിച്ചു. സ്ത്രീയുടെ ബഹളം കേട്ട് അയൽവാസികൾ ഓടിക്കൂടി. ഇതോടെ പ്രതി ബൈക്കുമായി സ്ഥലം വിട്ടു.
അന്ന് രാത്രി രണ്ട് കിലോമീറ്റർ മാറിയുള്ള ഒരു വീട്ടിലും അനീഷ് അതിക്രമം നടത്തി. അടുക്കളയിൽ നിൽക്കുകയായിരുന്നു സ്ത്രീയെ ബലമായി കടന്നുപിടിച്ച് വീടിനുള്ളിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി. ചെറുത്ത സ്ത്രീയെ കത്തികൊണ്ട് കുത്തി പരിക്കേൽപ്പിച്ചു. മൽപ്പിടുത്തത്തിനിടയിൽ അനീഷിന്റെ കൈവിരലിനും പരിക്കേറ്റു. ഓടി രക്ഷപ്പെട്ട സ്ത്രീ കുറ്റിക്കാടിനുള്ളിൽ ഒളിച്ചിരുന്നു. പ്രതി പോയതിനുശേഷമാണ് ഇവർ വീട്ടിൽ തിരിച്ചെത്തിയത്. നാടുവിട്ട പ്രതിയെ കണ്ടെത്താൻ പൊലീസ് പ്രത്യേക സംഘം രൂപീകരിച്ചു. ഇരിങ്ങാലക്കുട ഡിവൈഎസ്പിക്കായിരുന്നു അന്വേഷണ ചുമതല.
ഒരു മാസം നീണ്ട അന്വേഷണത്തിന് ഒടുവിലാണ് പ്രതിയെ എറണാകുളത്ത് നിന്ന് അറസ്റ്റ് ചെയ്തത്. മാള പള്ളിപ്പുറം സ്വദേശിയാണ് സാത്താൻ എന്നറിയപ്പെടുന്ന അനീഷ്. സ്ത്രീകൾ മാത്രമുള്ള വീടുകളിൽ ഒളിഞ്ഞുനോക്കുന്നത് അനീഷിന്റെ പതിവാണെന്ന് നാട്ടുകാർ പറഞ്ഞു. അങ്കമാലിയിൽ രണ്ടു പവൻ സ്വർണമാല പൊട്ടിച്ച കേസിൽ അനീഷ് ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.