അമരാവതി∙ ഓൺലൈൻ വായ്പാ ഏജന്റുമാരുടെ പീഡനത്തിനും ഭീഷണിക്കും ഇരയായ ദമ്പതികൾ ആത്മഹത്യ ചെയ്തതിനു പിന്നാലെ, ജനങ്ങളെ ശല്യപ്പെടുത്തുന്ന അനധികൃത പണമിടപാട് ആപ്പുകൾക്കെതിരെ കർശന നടപടിയെടുക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ.എസ്.ജഗൻ മോഹൻ റെഡ്ഡി. അനധികൃതമായതും ആർബിഐയുടെ അംഗീകാരമില്ലാത്തതുമായ വായ്പാ ആപ്പുകൾക്കെതിരെ കർശന നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. വ്യാജ ലോൺ ആപ്പുകൾ പ്ലേ സ്റ്റോറിൽനിന്ന് നീക്കം ചെയ്യാൻ കേന്ദ്ര സർക്കാരും ആവശ്യപ്പെട്ടിട്ടുണ്ട്.
ഈ മാസം അഞ്ചിനാണ് രാജമുണ്ട്രി സ്വദേശികളായ കെ.ദുർഗാറാവു (32), രമ്യാ ലക്ഷ്മി (24) എന്നിവർ ഓൺലൈൻ വായ്പാ സംഘത്തിന്റെ ഭീഷണിയെ തുടർന്ന് ആത്മഹത്യ ചെയ്തത്. ആറു വർഷം മുൻപായിരുന്നു ഇരുവരുടെയും വിവാഹം. ഇവർക്ക് നാലും രണ്ടും വയസ്സുള്ള പെൺമക്കളുണ്ട്. ദുർഗാ റാവു പെയിന്ററും രമ്യലക്ഷ്മി തയ്യൽ ജോലിക്കാരിയുമായിരുന്നു. സാമ്പത്തിക പ്രശ്നങ്ങളെ തുടർന്നാണ് ഇവർ ‘റുപി ടൈഗർ’, ‘ഹാൻഡി ലോൺ’ എന്നീ ആപ്പുകളിൽനിന്ന് 50,000 രൂപ കടമെടുത്തത്.
എന്നാൽ, കൃത്യസമയത്ത് തിരിച്ചടയ്ക്കാൻ കഴിയാതെ വന്നപ്പോൾ ലോൺ തിരിച്ചുവാങ്ങുന്ന ഏജന്റുമാർ അവരെ ഭീഷണിപ്പെടുത്താൻ തുടങ്ങി. ഇതോടെ ചെറിയ തുക ദമ്പതികൾ അടച്ചെങ്കിലും മുഴുവൻ പണവും അയയ്ക്കണമെന്ന ഭീഷണി തുടർന്നു. പണം കണ്ടെത്തുന്നതിനായി ദിവസങ്ങൾക്കു മുൻപ് ദുർഗ റാവു ഡെലിവറി ബോയ് ആയും ജോലിക്കു പോയി തുടങ്ങി.
പണം കൃത്യസമയത്ത് തിരികെ നൽകിയില്ലെങ്കിൽ രമ്യ ലക്ഷ്മിയുടെ മോർഫ് ചെയ്ത നഗ്നചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. തുടർന്ന് ബന്ധുക്കൾക്ക് നഗ്നഫോട്ടോകൾ വാട്സാപ് വഴി അയച്ചുകൊടുത്തു. ഇതിൽ മനംനൊന്താണ് ഇവർ ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് റിപ്പോർട്ട്.