തിരുവനന്തപുരം ∙ ഓണത്തിന് ഒറ്റയടിക്ക് 15,000 കോടി രൂപ ചെലവിട്ടതോടെ ഖജനാവ് കാലിയായ സർക്കാർ കർശനമായ ചെലവു ചുരുക്കൽ നടപടികളിലേക്ക്. കടുത്ത ട്രഷറി നിയന്ത്രണം അടുത്തയാഴ്ച നടപ്പാക്കും. എത്ര തുകയ്ക്കു മേലുള്ള ചെലവിടൽ വിലക്കണമെന്നു നാളെ തീരുമാനിക്കും. സ്കോളർഷിപ്, ചികിത്സാ സഹായം, മരുന്നു വാങ്ങൽ, ശമ്പളം, പെൻഷൻ തുടങ്ങിയവ ഒഴികെ വിലക്കുണ്ടാകും. ഇതു മറികടക്കണമെങ്കിൽ ധനവകുപ്പിന്റെ പ്രത്യേക അനുമതി വാങ്ങണം.പദ്ധതികൾക്കായി ബജറ്റിലൂടെ അനുവദിച്ച പണം ചെലവിടുന്നതിനും നിയന്ത്രണം കൊണ്ടുവരും. സാമ്പത്തിക വർഷം ആരംഭിച്ച് 5 മാസം കഴിയുന്ന ഇൗ സമയത്തു പദ്ധതി വിഹിതത്തിന്റെ 43% തുക വകുപ്പുകൾ ചെലവിട്ടാൽ മതിയെന്നാണു ധനവകുപ്പിന്റെ നിലപാട്. എന്നാൽ, 100% തുകയും ചെലവിട്ട വകുപ്പുകളുണ്ട്. ഇതു സർക്കാരിന്റെ ധനവിനിയോഗ ക്രമത്തെ തകിടംമറിക്കുന്നതിനാലാണു നിയന്ത്രണം കൊണ്ടുവരുന്നത്. വാങ്ങിയ പണം ചെലവിടാതെ അക്കൗണ്ടിൽ സൂക്ഷിക്കുന്ന വകുപ്പുകളിൽനിന്ന് അവ തിരിച്ചെടുക്കും.
എന്നിട്ടും പിടിച്ചു നിൽക്കാനായില്ലെങ്കിൽ ഒന്നാം പിണറായി സർക്കാരിന്റെ കാലത്തു ചെയ്തതു പോലെ സർക്കാർ ജീവനക്കാരുടെ ശമ്പളത്തിന്റെ നിശ്ചിത ശതമാനം മാറ്റിവയ്ക്കൽ അടക്കമുള്ള നടപടികളിലേക്കു നീങ്ങേണ്ടി വരും.