തിരുവനന്തപുരം: രാഹുല്‍ ഗാന്ധി കേരളത്തില്‍ വരുന്നതിന്‍റെ തൊട്ട് മുമ്പാണ് വയനാട്ടിലെ എംപി ഓഫീസ് ആക്രമിച്ചതെങ്കില്‍ ഇപ്പോള്‍ ജാഥ വരുന്നതിന്‍റെ തലേ ദിവസം എകെജി സെന്റര്‍ പ്രതിയെ കുറിച്ചുള്ള വാര്‍ത്ത സിപിഎം കേന്ദ്രങ്ങള്‍ പറഞ്ഞു പരത്തുകയാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാല്‍. സിപിഎം ആളുകളെ പറ്റിക്കാന്‍ നോക്കുന്നു. മാസങ്ങളായി പ്രതികളെ കിട്ടാത്തവര്‍ രാഹുലിന്‍റെ ജാഥ വരുന്നതിന്‍റെ തലേദിവസം പ്രതിയെ കിട്ടിയെന്ന് പറയുന്നത് എന്തിനാണെന്നും കെ.സി.വേണുഗോപാൽ ചോദിച്ചു.
കോണ്‍ഗ്രസ് അധ്യക്ഷനാകാൻ 10 പേരുടെ പിന്തുണയുള്ള ആര്‍ക്കും മല്‍സരിക്കാം എന്നും കെ.സി.വേണുഗോപാൽ പറഞ്ഞു. മത്സരത്തിന് പൂര്‍ണ പിന്തുണ നൽകും. മത്സരം നടക്കട്ടെ എന്നും അത് പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നും കെ.സി. പറഞ്ഞു. പുറത്തു കാണുന്ന പ്രചാരണങ്ങള്‍ ഒന്നും പാര്‍ട്ടിയെ ബാധിക്കില്ലെന്നും വേണുഗോപാല്‍ വ്യക്തമാക്കി.
രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര വൻ വിജയമാണെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു. രാഹുല്‍ ഗാന്ധിയോടുള്ള സ്നേഹവും ജാഥാ മുദ്രാവാക്യത്തോടുള്ള ജനങ്ങളുടെ താല്‍പര്യവുമാണ് വന്‍ വിജയത്തിന് കാരണം. കേരളത്തിലും ജാഥ വലിയ മുന്നേറ്റമാകും. സമൂഹത്തിലെ വിവിധ മേഖലകളിലുള്ളവരെ രാഹുല്‍ ഗാന്ധി കാണുന്നുണ്ടെന്നും കെ.സി.വേണുഗോപാല്‍ വ്യക്തമാക്കി.