കാസർകോട്: സംസ്ഥാനത്ത് തെരുവ് നായ ശല്യം രൂക്ഷമാകുന്നതിനിടെ കാസര്‍കോട്ട് കുറുക്കന്‍റെ ആക്രമണവും. പടന്ന പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ ആളുകളേയും വളര്‍ത്ത് മൃഗങ്ങളേയും കുറുക്കന്‍ ആക്രമിച്ചു. പടന്ന പഞ്ചായത്തിലെ മാച്ചിക്കാട്, ആയിറ്റി എന്നിവിടങ്ങളിലാണ് കുറുക്കന്‍റെ ആക്രമണം. മാച്ചിക്കാട്ടെ പ്രഭാകരനെ കുറുക്കന്‍ മാന്തി പരിക്കേല്‍പ്പിച്ചു. ഭാസ്ക്കരനെ ആക്രമിക്കാന്‍ ശ്രമമുണ്ടായെങ്കിലും ഭാഗ്യത്തിന് രക്ഷപ്പെടുകയായിരുന്നു.
ആയിറ്റി കടവത്തെ ജനാര്‍ദ്ദനന്‍റെ ആടിന്‍റെ ചെവി കടിച്ച് മുറിച്ചു. മാച്ചിക്കാട്ടെ കെ പി രമേശന്‍, വി ഉമേശന്‍, വി നാരായണന്‍ എന്നിവരുടെ പശുക്കളെ കടിച്ച് പരിക്കേല്‍പ്പിച്ചു. മാധവി, നാരായണന്‍ എന്നിവരുടെ വീടുകളിലെ വളര്‍ത്തു നായകളേയും കടിച്ച് പരിക്കേല്‍പ്പിച്ചിട്ടുണ്ട്. രാത്രിയിലും പുലര്‍ച്ചയുമായി രണ്ട് തവണയാണ് ആക്രമണം ഉണ്ടായത്. കുറുക്കന്‍റെ ആക്രമണത്തെ തുടര്‍ന്ന് പ്രദേശത്തെ ജനങ്ങള്‍ ഭീതിയിലാണിപ്പോള്‍.




















