കീവ്: കാർഖീവിൽ യുക്രൈൻ സൈന്യത്തിന് നിർണായകമായ മുന്നേറ്റം. അപ്രതീക്ഷിതമായ യുക്രൈൻ ആക്രമണത്തിന് മുന്നിൽ പിടിച്ചു നിൽക്കാനാവാതെ റഷ്യൻ സൈന്യം പിന്തിരിഞ്ഞോടി. രാജ്യത്തിന്റെ വടക്കുകിഴക്കുള്ള കാർഖീവിലെ നിർണായക സ്ഥാനങ്ങളിൽ നിന്ന് റഷ്യൻ സേനയെ യുക്രൈൻ സൈന്യം തുരത്തിയോടിച്ചതായും റിപ്പോർട്ടുകൾ പുറത്തുവന്നു.
ആൾനാശമൊഴിവാക്കാൻ കാർഖീവിലെ ബാലാക്ലിയ, ഇസിയം എന്നിവിടങ്ങളിൽ നിന്ന് തങ്ങളുടെ സൈന്യത്തോട് പിൻവാങ്ങാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയവും സ്ഥിരീകരിച്ചു. റീഗ്രൂപ്പ് ചെയ്തു പൂർവാധികം ശക്തിയോടെ തിരിച്ചടിക്കാനാണ് ഈ പിന്മടക്കം എന്നാണ് റഷ്യയുടെ നിലപാട്. യുക്രൈനിൽ നിന്ന് പിന്മടങ്ങി അതിർത്തി കടക്കാൻ ക്യൂ നിൽക്കുന്ന തങ്ങളുടെ സൈനികർക്ക് ഭക്ഷണവും മറ്റു സൗകര്യങ്ങളും നൽകുമെന്നും റഷ്യ അറിയിച്ചു.
ശനിയാഴ്ചയോടെ കാർഖീവിലെ റഷ്യയുടെ സുപ്രധാന സപ്ലൈ ഹബ്ബുകളിൽ ഒന്നായ കുപ്പിയാൻസ്‌ക് പിടിച്ചെടുത്തതായി യുക്രൈൻ സൈന്യം അറിയിച്ചു. ഈ മാസം ഇതുവരെ റഷ്യയിൽ നിന്ന് രണ്ടായിരം ചതുരശ്ര കിലോമീറ്റർ യുക്രൈൻ ഭൂമി മോചിപ്പിച്ചെന്ന് ശനിയാഴ്ച രാത്രി നൽകിയ വീഡിയോ സന്ദേശത്തിൽ യുക്രെയിൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കി പറഞ്ഞു. പലയിടങ്ങളിലും പടക്കോപ്പുകളും മറ്റു യുദ്ധസംവിധാനങ്ങളും ഉപേക്ഷിച്ചാണ് റഷ്യൻ സൈന്യത്തിന്റെ പലായനം. ഈ ആയുധങ്ങൾ പിടിച്ചെടുത്ത് റഷ്യക്ക് നേർക്കുതന്നെ പ്രയോഗിക്കുകയാണ് നിലവിൽ യുക്രൈൻ സൈനികർ. ഡോൺബാസ് പ്രവിശ്യയെ നിലനിർത്തുന്ന നിർണായകമായ മൂന്നു ലോജിസ്റ്റിക് ബസുകളാണ് ഇതോടെ റഷ്യക്ക് നഷ്ടമായിരിക്കുന്നത്. കഴിഞ്ഞ ഏപ്രിലിൽ കീവിൽ നിന്ന് റഷ്യൻ സൈന്യത്തെ തുരത്തി ഓടിച്ച ശേഷം യുക്രൈൻ നടത്തുന്ന ഏറ്റവും ശക്തമായ തിരിച്ചടികളിൽ ഒന്നാണ് കാർഖീവിലേത്. കഴിഞ്ഞ ഒരു വർഷത്തിലേറെയായി തുടരുന്ന റഷ്യ-യുക്രൈൻ യുദ്ധത്തിന് ഇതുവരെ പരിഹാരമായിട്ടില്ല.