ചെന്നൈ: ഇന്‍സ്റ്റഗ്രാമില്‍ ഫോളോവേഴ്സിനെ കൂട്ടാന്‍ ചെന്നൈയിലെ തന്ത്രപ്രധാന സ്ഥലങ്ങളില്‍ ൈബക്ക് അഭ്യാസം നടത്തി യുവാക്കള്‍. ഓണം അവധിയായ വ്യാഴാഴ്ച രാത്രിയാണ് അമേരിക്കന്‍ കോണ്‍സുലേറ്റിന്റെ മുന്‍പിലടക്കം അർധരാത്രി സൂപ്പര്‍ ബൈക്കുകളുടെ അഭ്യാസ പ്രകടനമുണ്ടായത്. ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഘത്തലവനുവേണ്ടി തിരച്ചില്‍ ഊര്‍ജിതമാക്കി.ഇടതടവില്ലാതെ വാഹനങ്ങള്‍ ഒഴുകുന്ന അണ്ണാശാലയിലും കഴിഞ്ഞ വ്യാഴാഴ്ച രാത്രി അഭ്യാസ പ്രകടനം നടന്നു. അവധി ദിവസമായതിനാല്‍ തിരക്കൊഴിവുള്ള റോഡില്‍ കിലോമീറ്ററിലധികമാണ് മുന്‍ടയറുകള്‍ ഉയര്‍ത്തി യുവാക്കള്‍ അഭ്യാസ പ്രകടനം നടത്തിയത്. ഇവയെല്ലാം ക്യാമറയിലാക്കുന്നതിനായി വിവിധയിടങ്ങളില്‍ ആളുകളെയും നിര്‍ത്തിയിരുന്നു. അമേരിക്കന്‍ കോണ്‍സുലേറ്റ്, ഡിഎംകെ ഓഫിസ്, ജമിനി പാലം തുടങ്ങിയ പ്രധാന സ്ഥലങ്ങളിലെല്ലാം ബൈക്ക് സ്റ്റണ്ട് നടത്തി ഷൂട്ട് ചെയ്തു.
ഇന്‍സ്റ്റഗ്രാമില്‍ ദൃശ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടതോടെ പൊലീസ് രംഗത്തിറങ്ങി. റേസിങ് ബൈക്കുകളുടെ നമ്പറുകള്‍ കേന്ദ്രീകരിച്ചു നടന്ന അന്വേഷണത്തിലാണു കോളജ് വിദ്യാര്‍ഥികളായ മുഹമ്മദ് സൈബാന്‍, മുഹമ്മദ് ഹാരിസ് എന്നിവര്‍ പിടിയിലായത്. സ്റ്റണ്ടിനു നേതൃത്വം നല്‍കിയ ഹൈദരാബാദ് സ്വദേശിക്കായി തിരച്ചില്‍ തുടരുകയാണ്. ദൃശ്യങ്ങള്‍ പകര്‍ത്തി ഇന്‍സ്റ്റഗ്രാം അടക്കമുള്ള സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയാണു പിടിയിലായവരുടെ രീതി.നഗരങ്ങളിലെ പ്രധാന സ്ഥലങ്ങളിലെത്തി വിവിധ അഭ്യാസങ്ങള്‍ നടത്തുന്നതും പതിവാണ്. ഹൈദരാബാദിലെ ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളില്‍ നടത്തിയ അഭ്യാസങ്ങളുടെ ദൃശ്യങ്ങള്‍ വൈറലായതിനെ തുടര്‍ന്നാണ് ഒളിവിലുള്ള പ്രതിയുടെ നേതൃത്വത്തിലുള്ള സംഘം ചെന്നൈയിലെത്തിയത്. രാജ്യത്ത് ഇരുചക്രവാഹന അപകടങ്ങളില്‍ രണ്ടാം സ്ഥാനത്തു നില്‍ക്കുന്ന നഗരമാണു ചെന്നൈ.