തിരുവനന്തപുരം∙ വിഴിഞ്ഞം സമരം കൂടുതല്‍ ശക്തിപ്പെടുത്തണമെന്നു തിരുവനന്തപുരം ലത്തീന്‍ അതിരൂപതയുടെ പള്ളികളില്‍ സര്‍ക്കുലര്‍. ന്യായമായ ആവശ്യങ്ങള്‍ക്കുവേണ്ടിയാണ് സമരമെന്ന് ആർച്ച് ബിഷപ് ഡോ തോമസ് ജെ.നെറ്റോ അയച്ച സര്‍ക്കുലറില്‍ വ്യക്തമാക്കി. അടുത്ത ഞായറാഴ്ച വിഴിഞ്ഞം തുറമുഖ കവാടത്തിലേക്കുള്ള മാര്‍ച്ചില്‍ മുഴുവന്‍ വിശ്വാസികളും പങ്കെടുക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.തുടര്‍ച്ചയായി മൂന്നാമത്തെ ഞായറാഴ്ചയാണ് സമരത്തിനു പിന്തുണതേടി അതിരൂപത സര്‍ക്കുലര്‍ ഇറക്കുന്നത്. നിരവധിത്തവണ ചർച്ച നടത്തിയിട്ടും അധികാരികളുടെ ഭാഗത്തുനിന്ന് ഉറപ്പുകളൊന്നും ലഭിക്കുന്നില്ലെന്നും സർക്കുലറിൽ പറയുന്നു.
സംസ്ഥാനവ്യാപകമായി സമരം നടത്താനുള്ള തീരുമാനം നേരത്തേ എടുത്തിരുന്നു. ഇതിന്റെ ഭാഗമായി മൂലമ്പള്ളിയിൽനിന്ന് ബുധനാഴ്ച വാഹനജാഥ നടക്കുന്നുണ്ട്. ഞായറാഴ്ചയാണ് ജാഥ തിരുവനന്തപുരത്ത് എത്തുക.വിഴിഞ്ഞം തുറമുഖത്തിനെതിരായ സമരം ഒരു മാസമാകുമ്പോൾ കടുത്ത നിലപാടു സ്വീകരിച്ചു മുന്നോട്ടുപോകാനാണ് രൂപതയുടെ തീരുമാനം. പിന്തുണ ആവശ്യപ്പെട്ട് സമരസമിതി നേതാക്കള്‍ ഇന്നലെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ കണ്ടിരുന്നു.