ദില്ലി: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പുനസ്ഥാപിക്കാൻ കഴിയുന്നതല്ല എന്ന് കോൺഗ്രസ് മുൻ നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു. വോട്ടിനായി താൻ ആരെയും തെറ്റിദ്ധരിപ്പിക്കില്ല. നടപ്പാക്കാൻ കഴിയാത്ത കാര്യങ്ങൾ ഉയർത്തരുതെന്നും പ്രാദേശിക പാർട്ടികളെ ലക്ഷ്യമിട്ട് അദ്ദേഹം പറഞ്ഞു. അടുത്ത പത്ത് ദിവസത്തിനുള്ളിൽ പാർട്ടി പ്രഖ്യാപിക്കുമെന്നും ഗുലാം നബി ആസാദ് പറഞ്ഞു.
ജമ്മുകശ്മീരിലെ റാലിയിലാണ് പ്രത്യേക പദവി സംബന്ധിച്ച് ഗുലാം നബി ആസാദ് പരാമർശം നടത്തിയത്. പ്രത്യേക പദവി പുനസ്ഥാപിക്കണമെങ്കിൽ പാർലമെൻറിൽ മൂന്നിൽ രണ്ടു ഭൂരിപക്ഷം വേണം. വോട്ട് നേടാൻ വേണ്ടി, നടപ്പിലാക്കാൻ കഴിയാത്ത വാദ്ഗാനങ്ങളൊന്നും താൻ നല്കില്ല. താൻ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയോ ചൂഷണം ചെയ്യുകയോ ചെയ്യില്ല. നേടാൻ കഴിയാത്ത കാര്യങ്ങളൊന്നും വാഗ്ദാനമായി ജനങ്ങൾക്ക് നൽകരുതെന്നും അദ്ദേഹം പറഞ്ഞു.
ഓരോ തെരഞ്ഞെടുപ്പ് കഴിയുന്തോറും കോൺഗ്രസ് തകർന്നുകൊണ്ടിരിക്കുകയാണ്. കശ്മീരിന്റെ പ്രത്യേക പദവി പുനസ്ഥാപിക്കാനായി, പാർലമെൻറിൽ മൂന്നിൽ രണ്ടു ഭൂരിപക്ഷം ഉള്ള പാർട്ടിയൊന്നും നിലവിൽ ഇല്ലെന്നും ഗുലാം നബി ആസാദ് പറഞ്ഞു. ചൂഷണത്തിനും തെറ്റിദ്ധാരണാജനകമായ രാഷ്ട്രീയത്തിനുമെതിരെ പോരാടാൻ പുതിയ പാർട്ടി താൻ 10 ദിവസത്തിനകം പ്രഖ്യാപിക്കും. ചൂഷണത്തിന്റേതായ രാഷ്ട്രീയത്തിലൂടെ ഒരു ലക്ഷത്തിലധികം ആളുകൾക്കാണ് കശ്മീരിൽ ജീവൻ നഷ്‌ടപ്പെട്ടത്. അഞ്ച് ലക്ഷത്തിലധികം കുട്ടികൾ അനാഥരായി. രാഷ്ട്രീയ കാഴ്ചപ്പാടുകളെ വേദനിപ്പിക്കുന്നതാണെങ്കിൽ കൂടി ചൂഷണത്തിനും തെറ്റാ പ്രചാരണങ്ങൾക്കുമെതിരെ പോരാടാനുറച്ചാണ് താൻ കശ്മീരിലേക്ക് എത്തിയത് എന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസിനും പ്രാദേശിക പാർട്ടികൾക്കുമെതിരെ വ്യക്തമായ വിമർശനമുയർത്തിയായിരുന്നു ഗുലാം നബി ആസാദിന്റെ പ്രസംഗം. ഈ പാർട്ടികളെല്ലാം കശ്മീരിന്റെ പ്രത്യേക പദവി പുനസ്ഥാപിക്കാമെന്നതിലൂന്നിയാണ് കശ്മീരിൽ പ്രചാരണം നടത്തുന്നത്. ഇത്തരം പ്രചാരണം ജനങ്ങളെ പ്രകോപിപ്പിക്കാനുള്ള വഞ്ചനാപരമായ നീക്കമാണെന്ന് ഗുലാം നബി പറഞ്ഞു. ജീവനുള്ളിടത്തോളം കാലം, സ്വതന്ത്രനായിരിക്കുന്നിടത്തോളം കാലം താൻ നുണപ്രചാരണങ്ങൾക്കെതിരെ പോരാടും. ഈ ആശയം ഇല്ലാതാക്കണമെങ്കിൽ ആരെങ്കിലും തന്നെ കൊല്ലണമെന്നും രാഷ്ട്രീയപാർട്ടികളെ വെല്ലുവിളിച്ച് ഗുലാം നബി ആസാദ് പറഞ്ഞു.
പാർട്ടി വിട്ട ശേഷം ജമ്മു കശ്മീരിൽ നത്തിയ ആദ്യ പൊതുസമ്മേളനത്തിലും കോൺഗ്രസ് നേതൃത്വത്തെ ഗുലാം നബി രൂക്ഷമായി വിമർശിച്ചിരുന്നു. ട്വിറ്റർ കൊണ്ടോ കംപ്യൂട്ടർ കൊണ്ടോ അല്ല രക്തം നല്‍കിയാണ് തങ്ങൾ കോൺഗ്രസിനെ വളർത്തിയതെന്ന് ഗുലാം നബി ആസാദ് പറഞ്ഞു. ചിലർ തങ്ങളെ കുറ്റപ്പെടുത്താന്‍ ശ്രമിക്കുന്നു. എന്നാല്‍ അവരുടെ സ്വാധീനം ട്വിറ്ററിലും കംപ്യൂട്ടറിലും മാത്രമാണ്. അതുകൊണ്ടാണ് സാധാരണക്കാരുടെ ഇടയില്‍ കോൺഗ്രസിനെ കാണാത്തതെന്നും ആസാദ് പറഞ്ഞു. തന്‍റെ പാർട്ടിയുടെ പേരും കൊടിയും ഏതെന്ന് ജമ്മു കാശ്മീരിലെ ജനങ്ങൾ തീരുമാനിക്കും എന്നും എല്ലാവർക്കും മനസിലാകുന്ന ഹിന്ദുസ്ഥാനി പേര് പാർട്ടിക്ക് നല്‍കും എന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.