തൃശ്ശൂര്‍ : രാഷ്ട്രപതിക്ക് ഡി ലിറ്റ് നല്‍കാനുള്ള ഗവര്‍ണറുടെ നിര്‍ദേശം തള്ളിയ വിഷയത്തില്‍ മുഖ്യമന്ത്രി വ്യക്തത വരുത്തണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. ഡി ലിറ്റ് നല്‍കരുതെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയോ എന്നാണ് മുരളീധരന്റെ ചോദ്യം. രാജ്യത്തിന്റെ അന്തസിന് തന്നെ കളങ്കം വരുത്തുന്ന നടപടിയാണിതെന്നും രാഷ്ട്രപതിയെ അപമാനിക്കുന്നതിന് തുല്യമാണെന്നും കേന്ദ്രമന്ത്രി തൃശ്ശൂരില്‍ പറഞ്ഞു. ഇത്തരം സമീപനം ഉണ്ടായിട്ടുണ്ടെങ്കില്‍ സര്‍ക്കാര്‍ തുറന്നു പറയണം, എന്തടിസ്ഥാനത്തിലാണ് ഡി ലിറ്റ് നിഷേധിച്ചത്. മുരളീധരന്‍ ചോദിക്കുന്നു. സര്‍വകലാശാലകളില്‍ സര്‍ക്കാരിന്റെ അനാവശ്യ ഇടപെടല്‍ ഉണ്ടാകുന്നുവെന്നും ദളിത് സ്‌നേഹം പ്രകടിപ്പിക്കുന്നവരാണ് ഇത്തരം നിലപാട് സ്വീകരിക്കുന്നതെന്നും പറഞ്ഞ കേന്ദ്രമന്ത്രി ദളിതരോടുള്ള വിവേചന മനോഭാവമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും കൂട്ടിച്ചേര്‍ത്തു.
പ്രതിപക്ഷ നേതാവ് നാവ് മുഖ്യമന്ത്രിക്ക് കടം കൊടുത്തിരിക്കുന്നുവെന്ന് പറഞ്ഞ ബിജെപിയുടെ മുതിര്‍ന്ന നേതാവ് പ്രതിപക്ഷം ഇനിയെങ്കിലും സര്‍ക്കാരിന്റെ ചട്ടവിരുദ്ധ നടപടികളെ എതിര്‍ക്കാന്‍ തയ്യാറാകണമെന്ന് ആവശ്യപ്പെട്ടു. ഉന്നത വിദ്യാഭ്യാസ മന്ത്രിയെ ബലിയാടാക്കേണ്ട കാര്യമില്ല, മിണ്ടേണ്ടവര്‍ മിണ്ടണമെന്നാണ് വി മുരളീധരന്റെ ഉപദേശം.