തിരുവനന്തപുരം: സംസ്ഥാനത്തെ ഓണാഘോഷങ്ങൾക്ക് തിരുവനന്തപുരത്ത് വര്‍ണാഭമായ സാസ്കാരിക ഘോഷയാത്രയോടെ ഇന്ന് കൊടിയിറക്കം. വൈകീട്ട് അഞ്ചിന് മാനവീയം വീഥിയിൽ മുഖ്യമന്ത്രിയാകും സാസ്കാരിക ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്യുക. 76 ഫ്ലോട്ടുകളും പത്ത് ഇതര സംസ്ഥാനങ്ങളിലേതുൾപ്പെടെ 77 കലാരൂപങ്ങളും ഘോഷയാത്രയിൽ അണിനിരന്ന് കാഴ്ചക്കാർക്ക് വിസ്മയ മുഹൂർത്തമൊരുക്കും.
വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം മലയാളികൾ കെങ്കേമമാക്കിയ ഓണാഘോഷങ്ങൾക്കാണ് തലസ്ഥാനത്തെ സാസ്കാരിക ഘോഷയാത്രയോടെ തിരശ്ശീല വീഴുന്നത്. പകിട്ട് ഒട്ടും കുറയാതെ ദൃശ്യ വിസ്മയം തീര്‍ക്കാൻ നിശ്ചലദൃശ്യങ്ങളും കലാരൂപങ്ങളും വാദ്യഘോഷങ്ങളും സജ്ജമാണ്. ഒപ്പം അശ്വാരൂഢ സേനയും സേനാ വിഭാഗങ്ങളുടെ ബാൻഡുകളും നഗരവീഥികളിലൂടെ കടന്നുപോകും. കേന്ദ്ര സംസ്ഥാനസര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, സ്ഥാപനങ്ങളുടെ മേന്മകളും നേട്ടങ്ങളും വിവരിക്കുന്ന നിശ്ചലദൃശ്യങ്ങൾക്ക് ഏറ്റവും മുന്നിലായുണ്ടാകുക മുത്തുക്കുട ചൂടിയ എൻ സി സി കേഡറ്റുകളാകും. ശിശുക്ഷേമസമിതിയിലെ കുഞ്ഞുങ്ങൾക്കും കെയര്‍ ഹോമിലെ അന്തേവാസികൾക്കും ഘോഷയാത്ര കാണാൻ പ്രത്യേക സൗകര്യമുണ്ടാകും. യൂണിവേഴ്സിറ്റി കോളേജിന് മുന്നിലെ വി ഐ പി പവിലിയനിൽ കാണിയായി മുഖ്യമന്ത്രിയും മന്ത്രിമാരുമടക്കമുള്ള പ്രമുഖരെല്ലാം എത്തും.
വൈകീട്ട് ഏഴിന് നിശാഗന്ധിയിൽ സമാപനസമ്മേളനവും സമ്മാനദാനവും നടക്കും. നടൻ ആസിഫ് അലിയാകും ചടങ്ങിന് മുഖ്യ അതിഥിയായി എത്തുക. വൈകീട്ട് മൂന്നിന് ശേഷം നഗരത്തിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഘോഷയാത്രയോടനുബന്ധിച്ച് നഗരത്തിൽ പ്രത്യേക ഗതാഗതക്രമീരണവുമുണ്ടാകും.