ചെന്നൈ : ദളിത് നേതാവ് ഇമ്മാനുവൽ ശേഖരന്റെ 64-ാം ചരമവാർഷികത്തോടനുബന്ധിച്ച് ട്രെയിനിന് മുകളിൽ കയറി നിന്ന് കൊടി വീശിയ അനുയായിക്ക് വൈദ്യുതാഘാതമേറ്റ് ഗുരുതര പരിക്ക്. ഒരു കൂട്ടം യുവാക്കൾ പ്ലാറ്റ്‌ഫോമിലുണ്ടായിരുന്ന ട്രെയിനിന് മുകളിലൂടെ കയറി കൊടി വീശുകയായിരുന്നു. ഇതിനിടെ ട്രെയിൻ പുറപ്പെട്ടു. ഇതോടെ കൊടിവീശിയ യുവാവിന് ഇലക്ട്രിക് ലൈനിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു. മുകേഷ് എന്ന യുവാവിനാണ് ഗുരുതുരമായി പരിക്കേറ്റത്.
പ്ലാറ്റ്‌ഫോമിലുള്ളവർ ഇറങ്ങാൻ ആവശ്യപ്പെട്ടിട്ടും യുവാക്കൾ മുന്നറിയിപ്പ് അവഗണിച്ചു. ട്രെയിനിൽ കയറിയ ശേഷം, അവരിൽ ഒരാൾ ഒരു പതാക വീശി, അത് റെയിൽവേ ട്രാക്കുകൾക്ക് മുകളിലുള്ള ഹൈ ടെൻഷൻ ലൈനുമായി സ്പർശിച്ചു. നിമിഷങ്ങൾക്കകം യുവാവ് ശക്തമായ ഷോക്കേറ്റ് ട്രെയിനിൽ നിന്ന് തെറിച്ചുവീണു. ഗുരുതരമായി പൊള്ളലേറ്റ മുകേഷിനെ പരമക്കുടി ആശുപത്രിയിൽ എത്തിച്ച ശേഷം മധുരയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
അതേസമയം ഡിഎംകെയിൽ നിന്ന് ഉദയനിധി സ്റ്റാലിനും എഐഎഡിഎംകെയിൽ നിന്ന് മുൻ മന്ത്രി ആർബി ഉദയകുമാറും ഉൾപ്പെടെ നിരവധി രാഷ്ട്രീയ പാർട്ടി നേതാക്കൾ പരമക്കുടിയിലെ ഇമ്മാനുവൽ ശേഖരന്റെ സ്മാരകം സന്ദർശിച്ച് ആദരം അർപ്പിച്ചു. സെപ്തംബർ 11ന് ഇമ്മാനുവൽ ശേഖരന്റെ ചരമ ദിവസമായി ഗുരുപൂജയും ഒക്ടോബർ 30ന് പശുമ്പൊൻ മുത്തുരാമലിംഗ തേവരുടെ ഗുരുപൂജയുമായതിനാൽ രാമനാഥപുരം ജില്ലാ ഭരണകൂടം സെപ്റ്റംബർ 9 മുതൽ ഒക്ടോബർ 30 വരെ ജില്ലയിൽ സെക്ഷൻ 144 ഏർപ്പെടുത്തിയിരിക്കുകയാണ്. ക്രമസമാധാനം പാലിക്കാൻ ഏഴായിരത്തോളം പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്.
ദിവസങ്ങൾക്ക് മുന്നെ ബെംഗളുരുവിൽ ശക്തമായ മഴയെ തുടർന്ന് സ്കൂട്ടർ തെന്നി വീണുണ്ടായ അപകടത്തിനിടെ വൈദ്യുതാഘാതമേറ്റ് 23കാരിക്ക് മരിച്ചിരുന്നു. സെപ്റ്റംബർ അഞ്ച് രാത്രി 9.30 ഓടെ നഗരത്തിലെ വൈറ്റ്ഫീൽഡ് ഏരിയയ്ക്ക് സമീപമായിരുന്നു അതിദാരുണാമായ സംഭവം നടന്നത്. കൂളിലെ അഡ്മിനിസ്‌ട്രേറ്റീവ് വിഭാഗത്തിൽ ജോലി ചെയ്തിരുന്ന അഖില വീട്ടിലേക്ക് മടങ്ങുന്നതിനിടെ വെള്ളക്കെട്ടുള്ള റോഡ് മുറിച്ചുകടക്കുന്നതിനിടെ സ്‌കൂട്ടി തെന്നിമാറി. താങ്ങിനായി സമീപത്തെ വൈദ്യുത തൂണിൽ പിടിക്കാൻ ശ്രമിച്ചെങ്കിലും വൈദ്യുതാഘാതമേറ്റ് താഴേക്ക് വീഴുകയായിരുന്നു. യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.