തിരുവനന്തപുരം: കോണ്‍ഗ്രസ് മുന്‍ ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെ പരിഹസിച്ച് മുന്‍ മന്ത്രി എം എം മണി. കന്യാകുമാരിയിൽ നിന്നും കാശ്മീർ വരെ ജോഡോ യാത്ര പോകേണ്ട രാഹുലിന് ഏതോ പിള്ളേര് എളുപ്പവഴി കാണിച്ച് കൊടുത്തതാണെന്നാണ് എം എം മണിയുടെ പരിഹാസം. ജോഡോ യാത്ര കടന്നു പോകുന്ന മാപ്പ് പങ്കുവെച്ച എം എം മണി ബിജെപിയെ പേടിച്ചിട്ടല്ല കേട്ടോയെന്നും ഫേസ്ബുക്കില്‍ കുറിച്ചു.
ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയുടെ കാലത്തിലൂടെ പാര്‍ട്ടി കടന്നുപോകുമ്പോള്‍ ഏറെ പ്രതീക്ഷയോടെയാണ് കോണ്‍ഗ്രസ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെ കാണുന്നത്. കഴിഞ്ഞ ദിവസം കന്യാകുമാരിയില്‍ നിന്നാണ് ജോഡോ യാത്രയ്ക്ക് രാഹുല്‍ തുടക്കമിട്ടത്. തമിഴ്നാട്ടിലെ പര്യടനം പൂര്‍ത്തിയാക്കി യാത്ര കേരളത്തില്‍ പ്രവേശിച്ച് കഴിഞ്ഞു. ഇന്നലെ മുതല്‍ തിരുവനന്തപുരം ജില്ലയിലാണ് പര്യടനം നടക്കുന്നത്. ഇതിനിടെയാണ് എം എം മണി കടുത്ത പരിഹാസവുമായി രംഗത്ത് വന്നിട്ടുള്ളത്.
അതേസമയം, രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര പുരോഗമിക്കുന്നതിനിടെ കോണ്‍ഗ്രസിന്‍റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പോസ്റ്റ് ചെയ്ത ചിത്രം വിവാദമായിട്ടുണ്ട്. ആര്‍ എസ് എസിന്‍റെ കാക്കി നിക്കര്‍ വേഷം കത്തിക്കുന്ന ചിത്രമാണ് വിവാദമായത്. വിദ്വേഷത്തിന്‍റെ ചങ്ങലകളിൽ നിന്ന് രാജ്യത്തെ മോചിപ്പിക്കും ആര്‍എസ്എസും ബിജെപിയും സൃഷിച്ച നഷ്ടങ്ങൾ ഇല്ലാതാക്കുമെന്നും കോണ്‍ഗ്രസിന്‍റെ ട്വീറ്റില്‍ പറയുന്നു. ബിജെപിയും ആർഎസ്എസും ഉണ്ടാക്കുന്ന കോട്ടം പരിഹരിക്കും.പതിയെ ലക്ഷ്യം കൈവരിക്കുമെന്നും കോൺഗ്രസ് അവകാശപ്പെടുന്നു.
കോൺഗ്രസ് ഉടൻ ചിത്രം പിൻവലിക്കണം എന്ന് ബിജെപി ആവശ്യപ്പെട്ടു. ആര്‍എസ്എസ് പ്രവർത്തകരെ കത്തിക്കണം എന്നാണോ കോൺഗ്രസിൻ്റെ ആവശ്യം എന്ന് പാര്‍ട്ടി വക്താവ് സമ്പത് പാത്ര ചോദിച്ചു. പരസ്യമായ അക്രമത്തിനുള്ള വെല്ലുവിളിയാണിത്.കേരളത്തിലെ ആര്‍എസ്എസ് പ്രവർത്തകർക്ക് എതിരെ കലാപത്തിന് പ്രോത്സാഹിപ്പിക്കുന്നതാണിത്. ഇന്ത്യ വിരുദ്ധരെ കാണാൻ ഇഷ്ടം പോലെ സമയം ഉള്ള രാഹുലിന്, സ്വാതന്ത്ര്യ സമര സേനാനികളെ കാണാൻ സമയം ഇല്ലെന്ന് ബിജെപി കുറ്റപ്പെടുത്തി.