ദില്ലി: അന്താരാഷ്ട്ര തലത്തിൽ ഉണ്ടായ ക്രൂഡോയിൽ വിലക്കയറ്റത്തെ തുടർന്ന് തിരിച്ചടിയേറ്റ പൊതുമേഖല എണ്ണക്കമ്പനികൾക്ക് കേന്ദ്ര സർക്കാർ 20,000 കോടി രൂപ സഹായം നൽകിയേക്കും. കേന്ദ്ര പെട്രോളിയം മന്ത്രാലയം 28,000 കോടി രൂപയുടെ സഹായമാണ് തേടിയത്. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ അന്തിമഘട്ടത്തിലാണ്. എന്നാൽ ഒരു തീരുമാനത്തിലേക്ക് ഇതുവരെ എത്തിയിട്ടില്ല.
രാജ്യത്തെ മൂന്ന് പൊതുമേഖലാ എണ്ണ കമ്പനികളാണ് വിപണിയിലേക്ക് ആവശ്യമായ 90% പെട്രോളിയം ഉൽപ്പന്നങ്ങളും വിതരണം ചെയ്യുന്നത്. കഴിഞ്ഞ കുറേ വർഷങ്ങൾക്കിടയിൽ കേന്ദ്ര പൊതുമേഖല എണ്ണക്കമ്പനികൾക്ക് കഴിഞ്ഞ സാമ്പത്തിക പാദത്തിൽ നഷ്ടം നേരിട്ടിരുന്നു. അന്താരാഷ്ട്ര തലത്തിൽ ക്രൂഡോയിൽ വില കുത്തനെ ഉയർന്നതാണ് എണ്ണ കമ്പനികൾക്ക് തിരിച്ചടിയായത്.
കേന്ദ്ര സർക്കാർ നടപ്പ് സാമ്പത്തിക വർഷത്തേക്കുള്ള ഇന്ധന സബ്സിഡി 5,800 കോടി രൂപയായി നിജപ്പെടുത്തിയിരുന്നു. അതേസമയം വളം സബ്സിഡി 1.05 ലക്ഷം കോടി രൂപയാണ്. എണ്ണക്കമ്പനികളുടെ നഷ്ടം മറികടക്കാൻ രാജ്യത്ത് ഇന്ധന വില ഉയർത്താനോ അല്ലെങ്കിൽ കമ്പനികൾക്ക് ധനസഹായം അനുവദിക്കാനോ കേന്ദ്രസർക്കാർ തയ്യാറാകണമെന്ന് ഭാരത് പെട്രോളിയം ചെയർമാൻ അരുൺ കുമാർ സിംഗ് നേരത്തെ ആവശ്യപ്പെട്ടിരുന്നു.
യുഎസിൽ ഇന്ധന നിർമ്മാണ ശേഷി കുറയുകയും റഷ്യയിൽ നിന്നുള്ള കയറ്റുമതി കുറയുകയും ചെയ്തതോടെ ഡിമാൻഡ് ആഗോളതലത്തിൽ കുതിച്ചുയർന്നു. ഭാരത് പെട്രോളിയം കോർപ്പറേഷനും ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷനും ഉൾപ്പെടുന്ന കമ്പനികളും പണപ്പെരുപ്പം തടയുന്നതിനായി ഏപ്രിൽ ആദ്യം മുതൽ പെട്രോൾ, ഡീസൽ എന്നിവയുടെ വിതരണ വില പിടിച്ചുനിർത്തിയിരുന്നു.
വില വർദ്ധന നടപ്പാക്കുന്നതിലൂടെയോ സർക്കാർ നൽകുന്ന നഷ്ടപരിഹാരത്തിലൂടെയോ എണ്ണക്കമ്പനികൾക്ക് സഹായം നൽകേണ്ടി വരുമെന്ന് ഭാരത് പെട്രോളിയം ചെയർമാൻ അരുൺ കുമാർ സിംഗ് കഴിഞ്ഞ മാസം പറഞ്ഞിരുന്നു.