ദുബൈ: ദുബൈ പൗരന്മാര്‍ക്കായി ഭവനപദ്ധതി പ്രഖ്യാപിച്ച് കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നിര്‍ദ്ദേശ പ്രകാരമാണിത്.
പൗരന്മാര്‍ക്കായി അടുത്ത നാലു വര്‍ഷത്തിനുള്ളില്‍ 15,800 വീടുകള്‍ നിര്‍മ്മിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. മികച്ച ജീവിത നിലവാരവും സ്ഥിരതയും സാമൂഹിക ജീവിതവും ഉറപ്പാക്കുന്ന സമഗ്രമായ പദ്ധതിയാണ് നടപ്പിലാക്കുന്നതെന്ന് ശൈഖ് ഹംദാന്‍ ട്വീറ്റ് ചെയ്തു. 170 കോടി ദിര്‍ഹം മുതല്‍ മുടക്കില്‍ അല്‍ ഖവനീജിലും അല്‍ വര്‍ഖയിലും നടപ്പിലാക്കുന്ന ഭവനപദ്ധതികളുടെ പുരോഗതിയും അദ്ദേഹം നേരിട്ട് വിലയിരുത്തി. അല്‍ വര്‍ഖയില്‍ 136 വില്ലകളാണ് നിര്‍മ്മിക്കുന്നത്. ഇതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ 45 ശതമാനം പൂര്‍ത്തിയാക്കിയതായി അധികൃതര്‍ അറിയിച്ചു.