ജയ്പൂർ : ഭാരത് ജോഡോ യാത്ര ആരംഭിച്ചത് മുതൽ കോൺഗ്രസ് – ബിജെപി വാക്പോര് തുടരുകയാണ്. ഇതിനിടെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്രയിൽ ധരിച്ച ടി ഷര്‍ട്ടിന്റെ വിലയെ ചൊല്ലിയായി തര്‍ക്കം. 41000 രൂപയുടെ ടീ ഷര്‍ട്ടാണ് രാഹുൽ ധരിച്ചതെന്ന ബിജെപി ആരോപണത്തിനെതിരെ ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ മഫ്ളറിന്റെ വില 80,000 രൂപയാണെന്നും ബിജെപി നേതാക്കൾ ധരിക്കുന്ന കൂളിംഗ് ഗ്ലാസുകൾക്ക് 2.5 ലക്ഷം രൂപ വിലവരുന്നുണ്ടെന്നുമാണ് ഗെഹ്ലോട്ട് ആരോപിച്ചിരിക്കുന്നത്.
ഭാരത് ജോഡോ യാത്രയ്ക്ക് ജനങ്ങളിൽ നിന്ന് വലിയ വരവേൽപ്പ് ലഭിക്കുന്നതിൽ ബിജെപി അസ്വസ്ഥരാണെന്നും ഗെഹ്ലോട്ട് പറഞ്ഞു. ഭാരത് ജോഡോ യാത്രയുമായി അവര്‍ക്ക് എന്താണ് പ്രശ്നം? അവര്‍ രണ്ട് ലക്ഷം രൂപയുടെ സൺഗ്ലാസ് ഉപയോഗിക്കുകയും 80,000 ന്റെ മഫ്ളര്‍ ധരിക്കുകയും ചെയ്യുമ്പോക്ഷ അവര്‍ രാഹുൽ ഗാന്ധിയുടെ ടി ഷര്‍ട്ടിനെ കുറിച്ച് പറയുന്നു. ആഭ്യന്തരമന്ത്രി ധരിക്കുന്ന മഫ്ളറിന്റെ വില 80,000 രൂപയാണ്. – മാധ്യമപ്രവര്‍ത്തകരോടായി ഗെഹ്ലോട്ട് പറഞ്ഞു.
.
ബിജെപിയുടെ രാഷ്ട്രീയ ഇടപെടൽ ടി ഷര്‍ട്ടിലാണ്. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും മറ്റ് നേതാക്കളും അവരുടെ ജോലികൾ നിര്‍ത്തി വച്ച് രാഹുൽ ഗാന്ധിയെ ആക്രമിക്കുകയാണെന്നും രാജസ്ഥാൻ മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
കന്യാകുമാരിയിൽ നിന്ന് യാത്ര ആരംഭിച്ചതോടെയാണ് രാഹുലിന്റെ ടി ഷര്‍ട്ടിനെ ചൊല്ലി വിവാദം ഉയര്‍ന്നത്. രാഹുൽ ധരിച്ചിരിക്കുന്നത് 41,527 രൂപയുടെ ടീ ഷർട്ടാണെന്ന് ആരോപിച്ച് ബിജെപി രംഗത്തെത്തുകയായിരുന്നു. ബർബെറി ടീ ഷർട്ടിന്റെ ചിത്രവും രാഹുൽ അത് ധരിച്ച് നിൽക്കുന്ന ചിത്രവും പങ്കു വച്ചാണ് ബിജെപിയുടെ സോഷ്യൽ മീഡിയ ക്യാംപെയ്ൻ. രാഹുൽ ഗാന്ധി ധരിച്ച ബർബെറി ടീ ഷർട്ടിന്റെ വില സഹിതമാണ് ‘ഭാരത് ദേഖോ’ (ഭാരതമേ കാണൂ) എന്ന പേരിൽ ബിജെപി ക്യാംപെയ്ൻ. ട്വിറ്ററിലെ പ്രചാരണത്തിന് ചുട്ട മറുപടിയുമായി കോൺഗ്രസും രംഗത്തെത്തിയിരുന്നു.
ഭാരത് ജോഡോ യാത്രയിലെ ആൾക്കൂട്ടം കണ്ട് ഭയന്നോ എന്നാണ് ബിജെപിയോട് കോൺഗ്രസിന്റെ മറു ചോദ്യം. മോദിയുടെ പത്തുലക്ഷം രൂപയുടെ സ്യൂട്ടിനെക്കുറിച്ചും 1.5 ലക്ഷത്തിന്റെ കണ്ണാടിയെ കുറിച്ചും ചർച്ച ചെയ്യാമെന്നും കോൺഗ്രസ് വ്യക്തമാക്കുന്നു. തൊഴിലില്ലായ്മയെ കുറിച്ചും വിലക്കയറ്റത്തെ കുറിച്ചും സംസാരിക്കാനും ബിജെപിയോട് കോൺഗ്രസ് ആവശ്യപ്പെട്ടു.
തിർന്ന നേതാക്കളടക്കം 117 സ്ഥിരം അംഗങ്ങളാണ് പദയാത്രയിൽ രാഹുൽ ഗാന്ധിക്കൊപ്പമുളളത്. 150 ദിവസം നീളുന്ന പദയാത്ര 12 സംസ്ഥാനങ്ങളിലൂടെ കടന്നുപോകും. ജാഥയുടെ ഭാഗമായി രാജ്യത്തെ 22 നഗരങ്ങളില്‍ റാലികള്‍ സംഘടിപ്പിക്കും. 150 ദിവസം ഹോട്ടലുകളിൽ പോലും താങ്ങാതെയാണ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര. രാഹുൽ ഗാന്ധി ഉൾപ്പടെ യാത്രാ അംഗങ്ങൾ എല്ലാവർക്കും താമസം ഒരുക്കിയിരിക്കുന്നത് 60 കണ്ടെയ്നർ ലോറികളിൽ ആണ്. ഭക്ഷണം ആകട്ടെ വഴിയോരത്തും. ഇനിയുള്ള 5 മാസം യാത്രാ അംഗങ്ങളുടെ ദിനചര്യ ഇതായിരിക്കും.