റിയാദ്: സൗദി അറേബ്യയില്‍ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കുറ്റക്കാരായ സൗദി പൗരനെയും അഞ്ച് അറബ് വംശജരായ വിദേശികളെയും കോടതി ശിക്ഷിച്ചതായി പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു. സൗദി പൗരന് 10 വര്‍ഷം തടവുശിക്ഷയാണ് വിധിച്ചത്. ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയ ശേഷം വിദേശയാത്ര നടത്തുന്നതില്‍ നിന്ന് സൗദി പൗരന് തത്തുല്യ കാലത്തേക്ക് വിലക്ക് ഏര്‍പ്പെടുത്തി.
കുറ്റകൃത്യത്തിലെ പങ്ക് അനുസരിച്ച് വിദേശികള്‍ക്ക് വ്യത്യസ്ത തടവുശിക്ഷകളാണ് വിധിച്ചത്. ഇവര്‍ക്ക് ആകെ 25 വര്‍ഷം തടവുശിക്ഷയാണ് വിധിച്ചത്. ശിക്ഷാ കാലാവധിക്ക് ശേഷം പ്രതികളെ നാടുകടത്തും. പ്രതികള്‍ക്കെല്ലാം കൂടി ആകെ 20 കോടി റിയാല്‍ പിഴ ചുമത്തി. 429 കോടിയിലേറെ റിയാല്‍ കള്ളപ്പണം വെളുപ്പിച്ചെന്നാണ് പ്രതികള്‍ക്കെതിരെ പബ്ലിക് പ്രോസിക്യൂഷന്‍ കോടതിയില്‍ ഉന്നയിച്ചത്. ചില വ്യാപാര സ്ഥാപനങ്ങളുടെ പേരില്‍ കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷനുകള്‍ നേടിയ സൗദി പൗരന്‍ ഈ സ്ഥാപനങ്ങളുടെ പേരില്‍ ബാങ്ക് അക്കൗണ്ടുകള്‍ തുറന്ന് സ്ഥാപനങ്ങളുടെ നടത്തിപ്പും മറ്റും വിദേശികളെ ഏല്‍പ്പിക്കുകയായിരുന്നു. സൗദി പൗരന്റെ സഹായത്തോടെ അക്കൗണ്ടുകളില്‍ വന്‍ തുക നിക്ഷേപം നടത്തുകയും പണം വിദേശത്തേക്ക് അയയ്ക്കുകയുമാണ് മറ്റ് പ്രതികള്‍ ചെയ്തത്.
നിയമവിരുദ്ധ മാര്‍ഗത്തില്‍ വിദേശത്തേക്ക് അയച്ച തുകയ്ക്ക് തുല്യമായ തുകയായ 429 കോടി റിയാല്‍ പ്രതികളില്‍ നിന്ന് കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. പ്രതികളുടെ അക്കൗണ്ടുകളില്‍ കണ്ടെത്തിയ പണവും സ്വത്തു വകകളും കണ്ടുകെട്ടും.