കേശസംബന്ധമായ പ്രശ്നങ്ങൾ പല വിധമാണ്. അതില്‍ താരനും തലമുടി കൊഴിച്ചിലും ആണ് ഇന്നും എല്ലാവരുടെയും പ്രധാന വില്ലന്മാര്‍. ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാന്‍ പ്രകൃതിദത്ത മാർഗങ്ങള്‍ ആശ്രയിക്കാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. അത്തരത്തില്‍ താരനെ അകറ്റാനും തലമുടി കൊഴിച്ചിലിനെ തടയാനും ഒലീവ് ഓയിൽ ഉപയോഗിക്കുന്നത് നല്ലതാണ്. അകാല നരയെ അകറ്റാനും ആരോഗ്യവും തിളക്കവുമുള്ള തലമുടി സ്വന്തമാക്കാനും തലമുടിയെ മൃദുവാക്കാനും ഒലീവ് ഓയിൽ കൊണ്ടുള്ള ഹെയര്‍ മാസ്കുകള്‍ ഉപയോഗിക്കാം. ഒരു പഴം ഉടച്ചതിലേയ്ക്ക് ഒരു ടീസ്പൂൺ ഒലീവ് ഓയിൽ മിക്സ് ചെയ്തു പേസ്റ്റ് രൂപത്തിലാക്കാം. ശേഷം ഇതിലേയ്ക്ക് ഒരു സ്പൂൺ തൈരും കൂടി ചേർത്ത് ഇളക്കാം. ഇനി ഈ മിശ്രിതം തലയിൽ നന്നായി തേച്ചു പിടിപ്പിക്കാം. അരമണിക്കൂറിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം. തലമുടിയുടെ തിളക്കത്തിനും ആരോഗ്യത്തിനും ഇത് സഹായിക്കും.
രണ്ട് മുട്ടയുടെ വെള്ളയും രണ്ട് ടീസ്പൂൺ ഒലീവ് ഓയിലും ഒരു ബൗളിലെടുത്ത് നന്നായി മിക്സ് ചെയ്യാം. ശേഷം ഈ മിശ്രിതം തലമുടിയിലും തലയോട്ടിയിലും തേച്ച് പിടിപ്പിക്കുക. 20 മിനിറ്റിന് ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകി കളയാം. തൊലി കളഞ്ഞ 10 വെളുത്തുള്ളി കാൽകപ്പ് ഒലീവ് ഓയിലിലിട്ട് മിക്സ് ചെയ്ത് കുഴമ്പ് രൂപത്തിലാക്കുക. ശേഷം ഈ മിശ്രിതം മുടിയിഴകൾക്കിടയില്‍ പുരട്ടുക. 45 മിനിറ്റിനുശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകി കളയാം.