തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകൾ പൊട്ടിപ്പൊളിഞ്ഞ സംഭവത്തിൽ നാല് ജില്ലാ കളക്ടര്‍മാരോട് ഹൈക്കോടതി വിശദീകരണം തേടി. എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലാ കളക്ടർമാരാണ് ഹൈക്കോടതിക്ക് വിശദീകരണം നൽകേണ്ടത്. 20 ദിവസം മുൻപ് ലക്ഷങ്ങൾ ചെലവഴിച്ചു അറ്റകുറ്റപ്പണി പൂർത്തിയാക്കിയ ആലുവ പെരുമ്പാവൂർ റോഡ് വീണ്ടും പൊലിഞ്ഞത് ഗൗരവമുള്ള വിഷയമാണെന്ന് കോടതി വ്യക്തമാക്കി. തൃശ്ശൂർ ശക്തൻ ബസ്‍റ്റാന്‍റിന് സമീപത്ത് റോഡ് പൊളിഞ്ഞതിലും കോടതി റിപ്പോർട്ട് തേടിയിട്ടുണ്ട്. റോഡുകളിൽ കുഴികൾ രൂപപ്പെട്ടാൽ ഉടൻ നടപടികൾ സ്വീകരിക്കാൻ ജില്ലാ കളക്ടർമാർക്ക് നേരെത്തെ കോടതി നിർദ്ദേശം നൽകിയിരുന്നു.
10 ലക്ഷം രൂപ ഉപയോഗിച്ച് രണ്ടാഴ്ച മുമ്പ് കുഴികൾ അടച്ച ആലുവ – പെരുമ്പാവൂർ റോഡിലെ കുട്ടമശേരി ഭാഗം വീണ്ടും പൊട്ടിപ്പൊളിഞ്ഞു. ഗതാഗതം ദുഷ്കരമായിരിക്കുകയാണ് ഇവിടെ. ഹൈക്കോടതി വിമർശനം ഉണ്ടായതിന് പിന്നാലെയാണ് 10 ലക്ഷം രൂപ ചെലവാക്കി റോഡ് അറ്റകുറ്റപ്പണി നടത്തിയത്. എന്നാൽ രണ്ടാഴ്ച പിന്നിട്ടപ്പോഴേക്കും റോഡിലെ മിക്ക ഭാഗവും വീണ്ടും കുഴിയായി. മോശം അവസ്ഥയിലുള്ള കോട്ടയം കഞ്ഞിക്കുഴിയിലെ റോഡിലെ കുഴികളിൽ പൂക്കളമിട്ട് യു ഡി എഫ് പ്രതിഷേധിച്ചു. കഞ്ഞിക്കുഴി ജങ്ഷനിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എയുടെ നേതൃത്വത്തിലാണ് റോഡിൽ പൂക്കളമിട്ടത്. കുഴിയിൽ വീണ് അപകടങ്ങൾ പതിവായിട്ടും കുഴിയടയ്ക്കാൻ നടപടി ഇല്ലെന്നാണ് യു ഡി എഫ് ആരോപണം. ദേശീയ പാത അതോറിറ്റിയുടെ ചുമതലയിലുള്ളതാണ് റോഡ്. കോട്ടയത്തെ വിവിധ റോഡ് വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യാൻ ഇന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ജില്ലയിൽ എത്താനിരിക്കെ ആയിരുന്നു യു ഡി എഫ് പ്രതിഷേധം.