വാഷിംഗ്ടണ്‍: ട്വിറ്റര്‍ ഏറ്റെടുക്കലിനുള്ള ശതകോടീശ്വരനായ ടെസ്‌ല സിഇഒ ഇലോണ്‍ മസ്‍ക്കിന്‍റെ തീരുമാനത്തിന് ഓഹരി ഉടമകളുടെ അംഗീകാരം. 44 ബില്ല്യണ്‍ ഡോളറിന് മസ്‍ക് ട്വിറ്റര്‍ വാങ്ങും. ബിഡിനെ അനുകൂലിച്ച് ട്വിറ്റര്‍ ഓഹരി ഉടമകള്‍ വോട്ട് ചെയ്തു. കരാറില്‍ നിന്ന് പിന്മാറാന്‍ മസ്ക് ശ്രമിക്കുന്നതിനിടെയാണ് വോട്ടെടുപ്പ്. കഴിഞ്ഞ ഏപ്രിലിൽ ആണ് ട്വിറ്റര്‍ ഏറ്റെടുക്കാനുള്ള പദ്ധതി ഇലോണ്‍ മാസ്ക് പ്രഖ്യാപിച്ചത്. ഏറെ നാളത്തെ ചർച്ചകൾക്ക് ശേഷമാണ് മസ്‌ക് ട്വിറ്ററിനെ ഏറ്റെടുക്കാനുള്ള കരാറിലെത്തിയത്. 4,400 കോടി ഡോളറിനാണ് കരാറായത്.
മസ്‌ക് ട്വിറ്ററിനെ ഏറ്റെടുക്കുന്നത് തടയാൻ അവസാന ശ്രമമെന്നോണം പോയ്‌സൺ പിൽ വരെ ട്വിറ്റര്‍ മസ്ക്കിനെതിരെ പ്രയോഗിച്ചെങ്കിലും രക്ഷയില്ലായിരുന്നു. 44 ബില്യൺ ഡോളർ എന്ന മസ്‌ക് വാഗ്ദാനം ചെയ്ത ഓഫറിന് അനുകൂലമായി തീരുമാനമെടുക്കാന്‍ ഓഹരി ഉടമകളില്‍ നിന്ന് ട്വിറ്ററിന് വളരെ അധികം സമ്മര്‍ദമുണ്ടായിരുന്നു. തുടർന്ന് ട്വിറ്റർ ഏറ്റെടുക്കാനുള്ള കരാറിൽ ഇലോണ്‍ മസ്കും കമ്പനിയും തമ്മിൽ ധാരണയായി. അതേസമയം ഇലോണ്‍ മസ്ക് 700 കോടി ഡോളര്‍ മൂല്യമുള്ള ടെസ്‍ലയുടെ ഓഹരികള്‍ വില്‍ക്കുന്നതായി റിപ്പോര്‍ട്ട് പുറത്തുവന്നു. സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് കമ്മീഷന്‍റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച ഫയല്‍ പ്രകാരം ഓഗസ്റ്റ് അഞ്ചിനും ഒമ്പതിനും ഇടയിലാണ് മസ്‌ക് ടെസ്‍ലയുടെ 7.9 ദശലക്ഷം ഓഹരികള്‍ വിറ്റത്.