നെടുങ്കണ്ടം: അധ്യയനവര്‍ഷം അവസാനിക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ സ്കൂൾ യൂനിഫോം നിര്‍ബന്ധമാക്കുന്ന വിദ്യാഭ്യാസ വകുപ്പിന്റെയും സ്കൂള്‍ അധികൃതരുടെയും നടപടി രക്ഷിതാക്കളുടെ നടുവൊടിക്കുന്നു. സാമ്പത്തികമായി ഏറെ ബുദ്ധിമുട്ട് നേരിടുന്ന ഈ ഘട്ടത്തിൽ രക്ഷിതാക്കളെ പ്രയാസത്തിലാക്കുന്ന നടപടിയില്‍നിന്ന് വിദ്യാഭ്യാസ വകുപ്പും സ്കൂള്‍ അധികൃതരും പിന്മാറണമെന്നാണ് ആവശ്യം. പത്താം ക്ലാസില്‍ പഠിക്കുന്നവർക്ക് ഇനി പരീക്ഷയടക്കം ആകെയുള്ളത് മൂന്ന് മാസത്തെ കാലമാണ്. പ്ലസ് ടു കുട്ടികള്‍ക്കും ഇതേ അവസ്ഥയാണ്. ഡിസംബര്‍ 13 മുതല്‍ ഹൈസ്കൂള്‍, പ്ലസ് ടു വിദ്യാര്‍ഥികള്‍ക്ക് യൂനിഫോം നിര്‍ബന്ധമാക്കിയാണ് വിദ്യാഭ്യാസ വകുപ്പ് സര്‍ക്കുലര്‍ ഇറക്കിയത്.
ചില സ്കൂളുകള്‍ ജനുവരി മൂന്നുമുതല്‍ മൂഴുവന്‍ കുട്ടികളും യൂനിഫോം ധരിച്ചേ സ്കൂളില്‍ വരാവൂ എന്ന കർശന നിർദേശം നൽകി 28ന് രക്ഷിതാക്കള്‍ക്ക് സന്ദേശം അയച്ചു. രണ്ട് ജോഡി യൂനിഫോമിന് പല സ്കൂളിലും 2250 രൂപയാണ്. ഒരുവീട്ടില്‍ തന്നെ രണ്ടും മൂന്നും കുട്ടികള്‍ പഠിക്കുന്ന രക്ഷിതാക്കള്‍ക്ക് താങ്ങാനാവാത്ത ഭാരമാണിത്. ഒമിക്രോൺ പശ്ചാത്തലത്തിൽ വരുംനാളുകളിൽ കൂടുതൽ നിയന്ത്രണമുണ്ടായാൽ ഇപ്പോൾ യൂനിഫോമിന് മുടക്കുന്ന വൻ തുക രക്ഷിതാക്കള്‍ക്ക് ബാധ്യതയാകും. അടുത്തവര്‍ഷം ഇതേ യൂനിഫോം ഉപയോഗിക്കാനാകാത്ത കുട്ടികള്‍ക്കെങ്കിലും ഇളവ് നല്‍കണമെന്നാണ് ആവശ്യം.