തെരുവുനായയുടെ ആക്രമണം കാരണം പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയിലാണ് ഇപ്പോൾ. ഏതു സമയവും നായ്ക്കളുടെ ആക്രമണം ഭയക്കേണ്ട നിലയിലേക്ക് കാര്യങ്ങൾ മാറുമ്പോൾ പേവിഷ ബാധ ഉൾപ്പെടെയുള്ള ഭീഷണികളിൽ നിന്ന് രക്ഷപ്പെടാൻ മുന്നൊരുക്കം കൂടിയേ തീരൂ. നായ കടിച്ച് മരിച്ചവരും പേപ്പട്ടി കടിച്ച് വിഷബാധയേറ്റവരുമെല്ലാം ഇന്ന് വാർത്തകളിൽ നിറഞ്ഞ് നിൽക്കുന്നു.
റേബീസ് വൈറസാണ് വിഷബാധയ്ക്ക് കാരണമാകുന്നത്. നായ്ക്കളിൽ മാത്രമല്ല, പൂച്ച, ആട്, മുയൽ, കന്നുകാലികൾ എന്നിവയിൽ നിന്നും പേവിഷബാധയേൽക്കാം. ഇവയുടെ നഖങ്ങളും കടിയുമെല്ലാം ഇത്തരം വിഷബാധയ്ക്ക് കാരണമാകുന്നു. നായ്ക്കളുടെ ഉമിനീർ നമ്മുടെ കണ്ണിലോ മൂക്കിലോ വായിലോ മുറിവുകളിലോ വീണാലും വിഷബാധയുണ്ടാകാം. അതായത് പേ പിടിച്ച നായെങ്കിൽ. പേ വിഷബാധയുള്ള നായ കടിച്ചാൽ ഈ വൈറസ് മുറിവിലൂടെ തലച്ചോറിലെത്തി ഇവ മസ്തിഷ്‌ക ജ്വരമുണ്ടാക്കുന്നു.
കടിയേറ്റാൽ ആദ്യം ചെയ്യേണ്ടത് കടിയേറ്റ ഭാഗം നന്നായി കഴുകി വൃത്തിയാക്കുകയാണ്. ഒഴുകുന്ന വെള്ളത്തിൽ 15 മിനിറ്റോളം കഴുകണം. സോപ്പ് ഉപയോഗിച്ചു വേണം മുറിവ് കഴുകാൻ. ആന്റി ബാക്ടീരിയൽ സോപ്പ് തന്നെ വേണമെന്നില്ല. കുളി സോപ്പ് ആണെങ്കിലും മതി. ചെറുതായി മാന്തിയതാണെങ്കിലും കഴുകണം. മുറിവ് നന്നായി കഴുകുന്നത് അണുക്കളെ പുറത്തുകളയാൻ സഹായിക്കും. രക്തം ഒലിയ്ക്കുന്നുണ്ടെങ്കിൽ മുറിവിന് മുകളിൽ ഒരു തുണി കെട്ടി വയ്ക്കുക. മുറിവിനു മുകളിൽ കെട്ടേണ്ടതില്ല.
പേവിഷബാധയെ തടുക്കാനുള്ള ഏറ്റവും നല്ല മാർഗമാണ് വാക‍്സിനേഷൻ. നായ തൊലിപ്പുറത്ത് മാന്തുക, രക്തസ്രാവം വരാത്ത തരത്തിൽ കടിക്കുക തുടങ്ങിയ സാഹചര്യങ്ങളിൽ നിർബന്ധമായും വൈദ്യസഹായം തേടണം. വാക്സിനേഷൻ എടുക്കണം. നായ കടിച്ചാൽ വാക്‌സിനെടുക്കുക. ഇമ്യൂണോഗ്ലോബിൻ കുത്തിവയ്പ്പാണ് ഇതിനായി എടുക്കുന്നത്. വളർത്തു നായ്ക്കളെങ്കിൽപ്പോലും ചെറിയ കടിയാണെങ്കിലും അവഗണിക്കരുത്. എത്രയും പെട്ടെന്ന് വെെദ്യ സഹായം തേടുക. വീട്ടിലെ നായ്ക്കൾക്ക് പേവിഷബാധയില്ലെന്ന് ഉറപ്പും വരുത്തേണ്ടതും പ്രധാനമാണ്.