മുംബൈ : ട്വന്റി-20 ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് വിരാട് കോലി സ്വയം സ്ഥാനമൊഴിയുകയായിരുന്നെന്നും അന്നു സെലക്ഷൻ മീറ്റിങ്ങിലുണ്ടായിരുന്ന എല്ലാവരും ക്യാപ്റ്റൻ സ്ഥാനം രാജി വെയ്ക്കരുതെന്ന് കോലിയോട് ആവശ്യപ്പെട്ടിരുന്നതായും ചീഫ് സെലക്ടർ ചേതൻ ശർമ. ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ഏകദിന ടീമിനെ പ്രഖ്യാപിച്ച ശേഷം നടത്തിയ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ചേതൻ. അന്നു മീറ്റിങ്ങിൽവെച്ച് കോലി ക്യാപ്റ്റൻ സ്ഥാനം ഒഴിയുന്ന കാര്യം പ്രഖ്യാപിച്ചപ്പോൾ എല്ലാവരും വിസ്മയിച്ചു. ട്വന്റി-20 ലോകകപ്പ് തൊട്ടരികെ നിൽക്കെ ഇത്തരമൊരു പ്രഖ്യാപനം എങ്ങനെ സ്വീകരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളു. ഈ തീരുമാനം പുനരാലോചിക്കണമെന്ന് യോഗത്തിൽ പങ്കെടുത്ത എല്ലാവരും കോലിയോട് ആവശ്യപ്പെട്ടിരുന്നു. ലോകകപ്പ് കഴിഞ്ഞ് ഇതേകുറിച്ച് ചിന്തിക്കാമെന്നും പറഞ്ഞതാണ്.- ചേതൻ ശർമ വ്യക്തമാക്കുന്നു.
ഏകദിന ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് കോലിയെ പുറത്താക്കുകയായിരുന്നെന്നും ചേതൻ വ്യക്തമാക്കി. ട്വന്റി-20 ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് രാജിവെച്ചത് കോലിയുടെ മാത്രം തീരുമാനമായിരുന്നു. അന്ന് നായകസ്ഥാനം ഒഴിയണമെന്ന് ആരും കോലിയോട് ആവശ്യപ്പെട്ടിരുന്നില്ല. പക്ഷേ ട്വന്റി-20 ക്യാപ്റ്റൻസ്ഥാനം രാജിവെച്ച സ്ഥിതിക്ക് ടീമുമായി ബന്ധപ്പെട്ട ബാക്കി കാര്യങ്ങളെ കുറിച്ച് സെലക്ടർമാർ ആലോചിക്കേണ്ടതായിരുന്നു. അങ്ങനെയാണ് വൈറ്റ് ബോൾ ഫോർമാറ്റിന് ഒറ്റ ക്യാപ്റ്റൻ എന്ന തീരുമാനത്തിലെത്തിയത്. കോലി ട്വന്റി-20 ക്യാപ്റ്റൻ സ്ഥാനം രാജിവെച്ചതിനാൽ അതുമായി ബന്ധപ്പെട്ട് പെട്ടെന്ന് തീരുമാനം കൈക്കൊള്ളാൻ സെലക്ടർമാർക്ക് കഴിഞ്ഞു. അതായത് ട്വന്റി-20 ക്യാപ്റ്റൻ സ്ഥാനം ഒഴിയാനുള്ള തീരുമാനം കോലിയുടേത് മാത്രമായിരുന്നു. ഏകദിന ടീമിന്റെ നായകസ്ഥാനത്തുനിന്ന് കോലിയെ നീക്കിയത് സെലക്ടർമാരുടെ തീരുമാനവനും-ചേതൻ ശർമ വ്യക്തമാക്കുന്നു.
ഏകദിന ടീമിന്റെ നായകസ്ഥാനത്ത് നിന്ന് നീക്കുന്ന കാര്യം മുൻകൂട്ടി അറിയിച്ചില്ലെന്ന കോലിയുടെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ടും ചേതൻ ശർമ വിശദീകരണം നൽകി. അന്നത്തെ സെലക്ഷൻ കമ്മിറ്റി യോഗം അവസാനിച്ചശേഷം ഞാൻ കോലിയെ വിളിച്ചിരുന്നു. യോഗത്തിനിടെ ഈ തീരുമാനം കോലിയെ അറിയിക്കാൻ എനിക്കു താത്പര്യമുണ്ടായിരുന്നില്ല. അങ്ങനെയാണ് യോഗത്തിന് ശേഷം വിളിച്ചത്. വൈറ്റ് ബോൾ ഫോർമാറ്റിൽ ഒരു ക്യാപ്റ്റൻ മതിയെന്നാണ് സെലക്ടർമാരുടെ തീരുമാനമെന്ന് ഞാൻ അദ്ദേഹത്തെ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് കോലി ചില കാര്യങ്ങൾ ചോദിച്ചു. ആ കാര്യങ്ങൾ നിങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്താനാകില്ല. നല്ല രീതിയിലാണ് ഞങ്ങൾ സംസാരിച്ചത്. ചേതൻ ശർമ വ്യക്തമാക്കുന്നു.